ടിഡിപി നേതാക്കള്‍ ടിആര്‍എസിലേക്ക്
ഹൈദരാബാദ്: ആന്ധ്രയില്‍ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുഗുദേശത്തില്‍ നിന്ന് നേതാക്കള്‍ തെലുങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്)യിലേക്ക് കൂട്ടത്തോടെ കൂറുമാറുന്നു. രണ്ട് എംപിമാരും ഒരു മുന്‍ മന്ത്രിയുമുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ടിആര്‍എസിലേക്ക് ചേക്കേറുകയാണ്.
ഇതാദ്യമായാണ് ചന്ദ്രബാബു നായിഡു പാര്‍ട്ടിയ്ക്കുള്ളില്‍ വിമതശല്ല്യം നേരിടുന്നത്. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി വാദിയ്ക്കുന്ന തെലുഗുദേശം പാര്‍ട്ടിയിലെ നേതാക്കളാണ് കൂറുമാറുന്നത്. തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കണമെന്ന ആവശ്യത്തില്‍ അടിയുറച്ചു പോരാടുന്ന പാര്‍ട്ടിയാണ് ടിആര്‍എസ്. ഇക്കുറി ആദ്യമായി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് പോരാടിയ ടിആര്‍എസ് ഒട്ടേറെ സീറ്റുകളില്‍ വിജയിക്കുകയുണ്ടായി.
ടിആര്‍എസിനൊപ്പം ചേര്‍ന്ന് തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി പോരാടുമെന്ന് കൂറുമാറിയ തെലുഗുദേശം എംപി എം. രാജയ്യ ജൂണ്‍ 19 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ തെലുഗുദേശം എംപി ചന്ദുലാല്‍, മുന്‍ മന്ത്രി രജേസം ഗൗഡ്, മുന്‍ തെലുഗുദേശം എംഎല്‍എ പി. സുഭദ്ര, തെലുഗുദേശത്തിന്റെ പ്രദേശിക നേതാവ് ഡി. മല്ലപ്പ എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 24ന് ടിആര്‍എസില്‍ ചേരുമെന്ന് ഈ നേതാക്കള്‍ പറഞ്ഞു. ഇവര്‍ എല്ലാവരും തെലുങ്കാന പ്രദേശത്തുനിന്നുള്ള തെലുഗുദേശം നേതാക്കളാണ്. തെലുങ്കാന പ്രദേശത്തുനിന്നുള്ള ഒട്ടേറെ തെലുഗുദേശം നേതാക്കളും ടിആര്‍എസില്‍ ചേരും.
ജൂണ്‍ 23ന് ആന്ധ്രയിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ടിആര്‍എസ് സഖ്യകക്ഷികളായി അംഗങ്ങളായി ചേരുകയാണ്. ആറ് മന്ത്രിസ്ഥാനങ്ങളാണ് ടിആര്‍എസിന് ആന്ധ്രാ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications