കോണ്‍ഗ്രസ്: ചര്‍ച്ച കഴിഞ്ഞു; തീരുമാനം ഉടന്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റിന്റെ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കമാന്റുമായി നടത്തിവന്ന ചര്‍ച്ച പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 22 ചൊവാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും ആന്റണിയും തമ്മില്‍ ഒരു വട്ടം കൂടി ചര്‍ച്ച നടത്തി. വൈകീട്ട് അഞ്ചരയോടെ പത്താം നമ്പര്‍ ജനപഥിലെത്തിയ ആന്റണി സോണിയയുമായി നടത്തിയ ചര്‍ച്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.
ചൊവാഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കാനിരുന്ന ആന്റണിയോട് ഒരു ദിവസം കൂടി ദില്ലിയില്‍ തങ്ങാന്‍ എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ആവശ്യപ്പെടുകയായിരുന്നു. രാവിലെ പട്ടേലും അംബികാസോണിയും സോണിയയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ആന്റണിയോട് വീണ്ടും ചര്‍ച്ചയുണ്ടെന്ന് ഹൈക്കമാന്റ് അറിയിച്ചത്. തുടര്‍ന്ന് സോണിയയെ കാണാനായി ആന്റണി പത്താം നമ്പര്‍ ജനപഥിലെത്തി.
നിയമസഭാ സമ്മേളനത്തിന് മുമ്പ് മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടാവില്ല. അതേ സമയം നിയമസഭാ സമ്മേളനത്തിന് മുമ്പ് വൈദ്യുതി വകുപ്പിന് പുതിയ മന്ത്രിയുണ്ടാവുമെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications