ഒളിഞ്ഞു നോക്കിയ യുവാവിനെ അടിച്ചുകൊന്നു
കൊച്ചി: അര്‍ധരാത്രിയോടടുത്ത് സംശയകരമായ സാഹചര്യത്തില്‍ വീട്ടിനുള്ളിലേയ്ക്ക് ഒളിഞ്ഞ് നോക്കിയ യുവാവിനെ ഗൃഹനാഥന്‍ അടിച്ച് കൊന്നു.
എറണാകുളം കതൃക്കടവ് ഫാ. മാനുവല്‍ റോഡിനു സമീപം ചെത്തിപ്പറമ്പില്‍ ജൂണ്‍ 21 തിങ്കളാഴ്ച രാത്രിയാണ് സംഭവം. കോളാപ്പള്ളി സേവ്യറിന്റെ മകന്‍ തോമസ് (37) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമയായ വട്ടോടില്‍ വി. പി. ലാല്‍(49) പോലീസിന് കീഴടങ്ങി. ഇയാളെ പോലീസ് നിരീക്ഷണത്തില്‍ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി.
ഈ പ്രദേശത്തെ വീടുകളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണ്. അതുകൊണ്ട് തന്നെ ലാല്‍ കരുതിയിരിയ്ക്കുകയായിരുന്നു. ജൂണ്‍ 21 തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ലാലിന്റെ വീടിനു പിന്നിലെത്തിയ തോമസ് കമ്പ് ഉപയോഗിച്ച് ജനല്‍പാളി തുറന്ന് അകത്തേക്ക് നോക്കി. ലാലിന്റെ മൂത്ത മകള്‍ ഈ മുറിയില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. തോമസിനെ കണ്ട പെണ്‍കുട്ടി ഭയന്നു നിലവിളിച്ചു.
ഇത് കേട്ട് കാര്യം അന്വേഷിച്ചെത്തിയ ലാല്‍ പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന സിംഗിള്‍ ബാരല്‍ തോക്കുമായി പുറത്തേക്ക് ഇറങ്ങി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തോമസിനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. കൊല്ലാനായിട്ടായിരുന്നില്ല ആക്രമണം. എന്നാല്‍ അടിയേറ്റ തോമസ് ബോധം നശിച്ച് വീട്ട് മുറ്റത്ത് തന്നെ വീണു മരിച്ചു.












Click it and Unblock the Notifications