പ്രാണേഷിന്റെ ജഡം ഏറ്റുവാങ്ങിയില്ല
ചാരുംമൂട്(ആലപ്പുഴ): ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിയ്ക്കാനെത്തുന്നതിനിടയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നു കരുതുന്ന പ്രാണേഷ് എന്ന ജാവേദിന്റെ ജഡം ആരും ഏറ്റുവാങ്ങിയിട്ടില്ല. മൃതദേഹം ഇപ്പോള്‍ ഗുജറാത്ത് പൊലീസിന്റെ കസ്റഡിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴക്കാരനാണ് പ്രാണേഷ്. അദ്ദേഹത്തിന്റെ ഭാര്യയായ സാജിദ ഇതുവരെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയിട്ടില്ല. അഹമ്മദാബാദ് പൊലീസില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങാന്‍ ഭയമായതിനാല്‍ സാജിദ ഇതുവരെ ജഡം ഏറ്റുവാങ്ങിയിട്ടില്ല.
പ്രാണേഷിന്റെ ജഡം ഏറ്റുവാങ്ങാന്‍ കൂടെച്ചെല്ലാമോ എന്ന് ചോദിച്ച് സാജിദ രണ്ട് തവണ ആലപ്പുഴയിലുള്ള പ്രാണേഷിന്റെ അച്ഛന്‍ ഗോപിനാഥപിള്ളയ്ക്ക് ഫോണ്‍ ചെയ്തിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂലം തനിക്ക് അവിടെയെത്തി മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് ഗോപിനാഥപിള്ള സാജിദയെ അറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങി അവിടെ ആചാരപ്രകാരം സംസ്കരിയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഗോപിനാഥപിള്ള സാജിദയെ അറിയിച്ചു.
താനിവിടെ ഒറ്റപ്പെടുകയാണെന്നും പൊലീസ് നിരന്തരം ചോദ്യം ചെയ്യുകയാണെന്നും സാജിദ ഗോപിനാഥപിള്ളയെ അറിയിച്ചിരുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മൂന്ന് മക്കളും അനാഥരാകും. അച്ഛനവരെ നോക്കണമെന്നും സാജിദ കഴിഞ്ഞ ദിവസം ഗോപിനാഥപിള്ളയോട് ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications