തെന്നല കെപിസിസി പ്രസിഡന്റ്
ദില്ലി: കെപിസിസി പുന:സംഘടിപ്പിച്ചുകൊണ്ട് ഹൈക്കമാന്റ് പ്രഖ്യാപനം വന്നു. തെന്നല ബാലകൃഷ്ണപിള്ളയാണ് പുതിയ കെപിസിസി പ്രസിഡന്റ്.
എ. സി. ജോസാണ് വൈസ് പ്രസിഡന്റ്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, സി. പി. മുഹമ്മദ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സി. എന്‍. ബാലകൃഷ്ണനാണ് ട്രഷറര്‍.
വി. എം. സുധീരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സി. വി. പത്മരാജന്‍, കെ. പി. ഉണ്ണിക്കൃഷ്ണന്‍, പി. ജെ. കുര്യന്‍, ജോസ് കുറ്റ്യാനി, തലേക്കുന്നില്‍ ബഷീര്‍, കെ. സി. റോസക്കുട്ടി, എ. ചാള്‍സ്, കെ. എ. തുളസി, പാലാ കെ. എം. മാത്യു, ജമീല ഇബ്രാഹിം എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്. പോഷകസംഘടനകളുടെ അധ്യക്ഷകരും നിര്‍വാഹക സമിതി അംഗങ്ങളായിരിക്കും.
കെ. കരുണാകരന്‍, എ. കെ. ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി. പി. തങ്കച്ചന്‍, കെ. മുരളീധരന്‍ എന്നിവര്‍ നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും.
സോണിയാഗാന്ധിയുമായി ആലോചിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തയ്യാറാക്കിയ പട്ടികയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സോണിയ ഒപ്പുവച്ചത്. ഗ്രൂപ്പുകള്‍ക്ക് സ്ഥാനങ്ങള്‍ വീതം വയ്ക്കുന്ന പതിവുരീതി ഉപേക്ഷിച്ചുള്ള പുന:സംഘടനയാണ് ഹൈക്കമാന്റ് നടത്തിയിരിക്കുന്നത്. പ്രകടമായ ഗ്രൂപ്പ് പക്ഷപാതങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് പുതിയ കെപിസിസിയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
അതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് പി. പി. തങ്കച്ചനെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതിനായി ദില്ലിയിലെത്തിയ പി. പി. ജോര്‍ജ്, ഇ. എ. അഗസ്തി, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താനായില്ല. പട്ടിക അംഗീകരിക്കുന്നതിന് മുമ്പ് കൂടിക്കാഴ്ച നടത്തുന്നതിനായി ഇവര്‍ക്ക് സമയം അനുവദിച്ചില്ല. ബുധനാഴ്ച വൈകീട്ട് കാണാമെന്നാണ് ഇവര്‍ക്ക് അഹമ്മദ് പട്ടേലില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്.












Click it and Unblock the Notifications