പുന:സംഘടന: ഐ ഗ്രൂപ്പ് പോരിന്
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെപിസിസിയില്‍ നടത്തി പുന:സംഘടനയെ ചൊല്ലി ഐ ഗ്രൂപ്പ് വരുംനാളുകളില്‍ ശക്തമായ പ്രതിഷേധ നീക്കങ്ങള്‍ നടത്തുമെന്ന സൂചന നല്‍കി.
പുന:സംഘടനയിലുള്ള അതൃപ്തി പ്രകടിപ്പിച്ച കെ. കരുണാകരനും കെ. മുരളീധരനും ഹൈക്കമാന്റിന്റെ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന മട്ടിലുള്ള പ്രസ്താവനകളാണ് നടത്തിയത്. ഐ ഗ്രൂപ്പ് വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന വ്യക്തമായ സൂചന നല്‍കുന്ന പ്രസ്താവനകളാണ് ഇരുവരില്‍ നിന്നുമുണ്ടായത്. ആന്റണിയുമായുള്ള ഐക്യം അവസാനിപ്പിച്ച് കെ. കരുണാകരന്‍ വീണ്ടും പോരിന്റെ പാതയിലേക്ക് നീങ്ങുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.
പാര്‍ട്ടിയെ തകര്‍ക്കുന്ന നീക്കമാണ് ഇപ്പോഴത്തെ പുന:സംഘടനയിലൂടെയുണ്ടായതെന്ന് കെ. കരുണാകരന്‍ പറഞ്ഞു. ഇപ്പോഴത്തെ പുന:സംഘടനയിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ആന്റണി തന്നെയാണെന്നാണ് വ്യക്തമാവുന്നത്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നിലവിലുള്ള ഐക്യത്തെ പുന:സംഘടന കാര്യമായി ബാധിക്കും.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ അവഗണിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ പുന:സംഘടനയോടുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പറയാനാവില്ലെന്ന് പറഞ്ഞ കരുണാകരന്‍ താന്‍ വീണ്ടും ആന്റണിയുമായി പോരിന് ഇറങ്ങുകയാണെന്ന വ്യക്തമായ സൂചന നല്‍കി.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തങ്കച്ചനെ രക്തസാക്ഷിയാക്കിയത് ശരിയായില്ലെന്നും ഇനി ഐക്യത്തിന്റെ ആവശ്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോഴത്തെ കമ്മിറ്റിക്കായിരിക്കും. ഐ ഗ്രൂപ്പ് അങ്ങോട്ട് പോയി സഹകരിക്കുന്ന പ്രശ്നമില്ല.
ഐ ഗ്രൂപ്പിനെ അവഗണിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ പുന:സംഘടന വരുംനാളുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. താന്‍ ഇനി മുതല്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications