പ്രാണേഷിന്റെ ജഡം ഭാര്യ ഏറ്റുവാങ്ങില്ല
മാവേലിക്കര: പൊലീസ് സംരക്ഷണം ലഭിയ്ക്കാത്തതിനാല്‍ ഗുജറാത്തില്‍ വെടിയേറ്റുമരിച്ച തീവ്രവാദിയെന്ന് ആരോപിയ്ക്കപ്പെടുന്ന മകന് പ്രാണേഷിന്റെ ജഡം ഏറ്റുവാങ്ങാന്‍ അച്ഛന് ഗോപിനാഥപിള്ള പോകുന്നില്ല. പ്രാണേഷ് എന്ന ജാവേദ് ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ ജഡം ഏറ്റുവാങ്ങാന്‍ ഭാര്യ സാജിതയും പോകുന്നില്ല.
പകരം ജഡം ഏറ്റുവാങ്ങാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അഹമ്മദാബാദിലുള്ള ഭാര്യ സാജിത ഫോണില്‍ ഗോപിനാഥപിള്ളയെ അറിയിച്ചു. ജൂണ്‍ 24 വ്യാഴാഴ്ച ഫോണില്‍ വിളിച്ചപ്പോഴാണ് ഗോപിനാഥപിള്ളയെ സജിത ഈ വിവരം അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ഭയമാണെന്നും പല കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും സജിത പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് സജിതയുടെ പക്കല്‍ നിന്നും അഹമ്മദാബാദ് പൊലീസ് വീടിന്റെ താക്കോല്‍ വാങ്ങിക്കൊണ്ടുപോയെന്ന് സജിത പറയുന്നു. മക്കളുടെ ടിസി വീടിനുള്ളിലാണെന്നും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സജിത പറഞ്ഞതായി ഗോപിനാഥപിള്ള അറിയിച്ചു.