നെടുമ്പാശേരി: 8ശതമാനം ലാഭവീതം
തിരുവനന്തപുരം: സ്ഥാപിതമായ ശേഷം ആദ്യമായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളം ഓഹരിയുടമകള്‍ക്ക് ലാഭവീതം പ്രഖ്യാപിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍-സ്വകാര്യസംരംഭത്തില്‍ ഇതുപോലെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ ലാഭവീതം പ്രഖ്യാപിയ്ക്കുന്ന സംഭവം ആദ്യമാണെന്നും മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. എട്ട് ശതമാനം ലാഭവീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ആകെ ലാഭം 36.04 കോടിയാണ്. നികുതി കഴിച്ച് അറ്റാദായം 21.12 കോടിയാണ്.
11.83 കോടി രൂപയാണ് ലാഭവീതമായി വിതരണം ചെയ്യുക. കേരളസര്‍ക്കാരിന് 35.16 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനാല്‍ ലാഭവീതമായി 4.16 കോടി രൂപ ലഭിയ്ക്കും.
ഈ വര്‍ഷം വിമാനത്താവളത്തിന്റെ വികസനവര്‍ഷമായാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് ആധുനിക രീതിയിലുള്ള രണ്ടാം ടെര്‍മിനലിന്റെ പണി ആരംഭിയ്ക്കും. കൂടുതല്‍ വിമാനക്കമ്പനികളും സര്‍വീസ് തുടങ്ങും.
1999ല്‍ വിമാനത്താവളം തുടങ്ങുമ്പോള്‍ ആഴ്ചയില്‍ 76 വിമാനസര്‍വീസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് ആഴ്ചയില്‍ 166 ആയി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണം 4.96 ലക്ഷത്തില്‍ നിന്ന് 13.33 ലക്ഷമായി ഉയര്‍ന്നു. മുംബൈ, ദില്ലി, ചെന്നൈ വിമാനത്താവളങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. വിമാനത്താവളക്കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആഗസ്ത് 31ന് തുടങ്ങും.












Click it and Unblock the Notifications