അമര്‍നാഥ് യാത്ര 40 ദിവസമാക്കി
ശ്രീനഗര്‍: അമര്‍നാഥ് യാത്ര 40 ദിവസത്തേക്ക് നീട്ടാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ നാല് കോണ്‍ഗ്രസ് മന്ത്രിമാരുടെ രാജിയ്ക്ക് വഴിതെളിച്ച അമര്‍നാഥ് യാത്രാ വിവാദത്തിന് വിരാമമായി.
ജൂലൈ 20ന് അമര്‍നാഥ് യാത്ര തുടങ്ങും. ജൂലൈ 29ന് തുടങ്ങുമെന്നായിരുന്നു നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
നേരത്തെ യാത്ര 30 ദിവസമായി വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. യാത്ര രണ്ട് മാസമാക്കി നീട്ടണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് മന്ത്രിമാരായ രാമന്‍ ബല്ല, യോഗേഷ് സാഹ്നി, രമേഷ് ശര്‍മ, ജുഗല്‍ കിഷോര്‍ എന്നിവര്‍ തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റിന് രാജിക്കത്ത് അയച്ചിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് മന്ത്രിമാര്‍ രാജി പിന്‍വലിക്കുമോ എന്നറിവായിട്ടില്ല.
പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനും ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മയ്ക്കും നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അമര്‍നാഥ് യാത്ര കൂടുതല്‍ ദിവസത്തേക്ക് നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രശ്നം പരിഹരിക്കുന്നതില്‍ ഇടപെടണമെന്ന് ഗവര്‍ണര്‍ എസ്. കെ. സിംഗിനോടും പാട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി, സോണിയയുടെ രാഷ്ട്രീയ ഉപദേഷ്ടാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍, ജമ്മു കശ്മീര്‍ പിസിസി പ്രസിഡന്റ് ഗുലാം നബി ആസാദ്, ഉപമുഖ്യമന്ത്രി മംഗത്രാം ശര്‍മ എന്നിവര്‍ ദില്ലിയില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നം പരിഹരിക്കാന്‍ പാട്ടില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications