പരാതിയുമായി ഉമ്മന്‍ചാണ്ടി ദില്ലിക്ക്
തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ എ ഗ്രൂപ്പിനോട് അവഗണന കാട്ടിയതിലുള്ള അതൃപ്തി ഹൈക്കമാന്റിനെ അറിയിക്കുന്നതിനായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ജൂണ്‍ 26 ശനിയാഴ്ച ദില്ലിക്ക് തിരിക്കും.
എ ഗ്രൂപ്പുകാരാണെന്നതിനാല്‍ പല മുതിര്‍ന്ന നേതാക്കളെയും തഴഞ്ഞതിലുള്ള അതൃപ്തി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ ധരിപ്പിക്കും. ഇപ്പോഴത്തെ കെപിസിസി ലിസ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനാണ് ഉമ്മന്‍ചാണ്ടി ദില്ലിക്ക് പോവുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്തമായ സമിതിയില്ല ഇപ്പോള്‍ നിയോഗിക്കപ്പെട്ടതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിക്കും. പരിചയസമ്പന്നരെയും യുവാക്കളെയും ഉള്‍പ്പെടുത്തി സമിതി കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ഉന്നയിക്കും.
ഗ്രൂപ്പിന് അതീതമായ പുന:സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഇതിന് വേണ്ട കൂടിയാലോചനകള്‍ നടന്നിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗ്രൂപ്പിന്റെ ആളുകളാണെന്നതിനാല്‍ ചിലരെ തഴഞ്ഞത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശനിയാഴ്ച ദില്ലിയിലെത്തുന്ന ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളെ കണ്ട് പരാതി അറിയിക്കും. വെള്ളിയാഴ്ച വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി കൂടിയാലോചന നടത്തിയിരുന്നു.
ഹൈക്കമാന്റ് പുറപ്പെടുവിച്ച ലിസ്റിനെ പറ്റി അറിയില്ലെന്നാണ് ആന്റണി പറയുന്നതെങ്കിലും എ ഗ്രൂപ്പിലെ പല നേതാക്കളും അത് വിശ്വസിക്കുന്നില്ല. ആന്റണിക്ക് ഈ പുന:സംഘടനയുടെ സ്വഭാവത്തെ മാറ്റാന്‍ കഴിയേണ്ടതായിരുന്നു എന്നാണ് അവരുടെ അഭിപ്രായം.












Click it and Unblock the Notifications