കൈരളി ചാനലിന്റെ പേരില്‍ തട്ടിപ്പ്
തിരുവനന്തപുരം: കൈരളി ചാനലിന്റെ പേരില്‍ ഇന്റര്‍വ്യൂ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ തിരുവനന്തപുരത്ത് പൊലീസിന്റെ പിടിയിലായി.
പേട്ട ഭഗത്സിംഗ് റോഡില്‍ നാസര്‍ (30), നാസറിന്റെ ബന്ധു റജീല്‍ (21) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ് ചെയ്തത്. കൈരളി ടിവി ചാനലിന്റെ അവതാരക, ന്യൂസ് റീഡര്‍ തസ്തികകളിലേക്ക് എന്ന് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തുന്നതിനിടയിലാണ് ഇവരെ പൊലീസ് അറസ്റ് ചെയ്തത്. അപേക്ഷകരില്‍ നിന്നും ഫീസെന്ന് പറഞ്ഞ് 50 രൂപ വീതം ഈടാക്കിയിരുന്നു.
നാസ്കോ ക്രിയേഷന്‍സിന്റെ പേരില്‍ കൈരളി ചാനലിലേക്ക് എന്ന് പറഞ്ഞ് അവതാരക, ന്യൂസ് റീഡര്‍ തസ്തികകളിലേക്ക് ഇവര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. പരസ്യം കണ്ട് 127 പേര്‍ അപേക്ഷ നല്‍കി. ഇന്റര്‍വ്യൂവിനുള്ള കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ചിലര്‍ കൈരളി ചാനല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ ഇന്റര്‍വ്യൂവിനുള്ള ക്ഷണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു.
കൈരളി ചാനലിന്റെ അവതാരകയെ ചാനലിന്റെ സഹായത്തോടെ പൊലീസ് ഇന്റര്‍വ്യൂ സ്ഥലത്തെത്തിച്ചു. അപേക്ഷകയാണെന്ന മട്ടില്‍ അവതാരകയും കൂടെ സഹോദരനാണെന്ന് പറഞ്ഞ് സിഐയും ഇന്റര്‍വ്യൂവിനെത്തി. തുടര്‍ന്ന് താന്‍ പൊലീസുദ്യോസസ്ഥനാണെന്ന് വെളിപ്പെടുത്തിയ സിഐ കൈരളി ചാനല്‍ ഇന്റര്‍വ്യൂ നടത്താനായി ചുമതലപ്പെടുത്തിയെന്ന് കാണിക്കുന്ന കത്ത് കാണിക്കാന്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് വ്യക്തമായതോടെ നാസറിനെയും ജലീലിനെയും അറസ്റ് ചെയ്തു.
തട്ടിപ്പ് സംഘത്തിലെ അംഗമായ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിന് വേണ്ടി പൊലീസ് തിരച്ചല്‍ നടത്തുകയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications