ബുധനാഴ്ച വീണ്ടും ഐ ഗ്രൂപ്പ് യോഗം
തിരുവനന്തപുരം: ഐ ഗ്രൂപ്പ് വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് യോഗം നടത്തുന്നു. ജൂണ്‍ 30 ബുധനാഴ്ചയാണ് അടുത്ത ഗ്രൂപ്പ് യോഗം നടക്കുന്നത്.
കെ പി സി സി ഭാരവാഹികളെ നിര്‍ദ്ദേശിച്ചപ്പോള്‍ ഐ ഗ്രൂപ്പിനെ അവഗണിച്ചതായിരിയ്ക്കും ഈ ഗ്രൂപ്പ് യോഗത്തിലെ പ്രധാന വിഷയം. ഗ്രൂപ്പിന്റെ നിലപാടുകള്‍ ശക്തമാക്കികൊണ്ടുള്ള തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകാനാണ് സാദ്ധ്യത.
ബുധനാഴ്ചത്തെ യോഗത്തില്‍ കെ.മുരളീധരനും പങ്കെടുക്കുന്നുണ്ട്. എല്ലാ ജില്ലകളിലുമുള്ള ഗ്രൂപ്പിന്റെ നേതാക്കളോട് തിരുവനന്തപുരത്തെത്താന്‍ കരുണാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരുണാകരന്റെ ജവഹര്‍ നഗറിലെ വീട്ടിലായിരിക്കും യോഗം നടക്കുക.
കെ.പി.സി.സി പുനസംഘടിപ്പിച്ചപ്പോള്‍ ഐ ഗ്രൂപ്പിനെ അവഗണിച്ചത് മുഖ്യമന്ത്രി എ.കെ ആന്റണിയുടെ അറിവോടെയാണെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ആന്റണിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തീരുമാനമുണ്ടാകും. നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായി ഐ ഗ്രൂപ്പ് പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. അവരുടെ പ്രതിഷേധം ഇതില്‍ അവസാനിയ്ക്കില്ല. പി.പി ജോര്‍ജും സാവിത്രി ലക്ഷ്മണനും ജൂണ്‍ 28 തിങ്കളാഴ്ച സര്‍ക്കാരിനെ വിമര്‍ശിച്ചത് ഇതിന്റെ സൂചനയാണ്.
വീണ്ടും കെ പി സി സി ഭാരവാഹികളുടെ എണ്ണം കൂട്ടുകയാണെങ്കില്‍ അപ്പോള്‍ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ കുറഞ്ഞതൊന്നും സ്വീകരിയ്ക്കണ്ടെേന്ന് ഗ്രൂപ്പ് യോഗം തീരുമാനിയ്ക്കുമെന്ന് കരുതുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനെ ചില ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെ എതിര്‍ക്കുന്നുണ്ട്. ഈ തീരുമാനം എടുത്താല്‍ പാര്‍ട്ടിയില്‍ പ്രധാന നിലകളിലൊന്നും ഗ്രൂപ്പ് അംഗങ്ങള്‍ ഉണ്ടാവില്ല. ഇത് പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കരുണാകരന്‍ എന്ത് തീരുമാനം എടുക്കുമെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications