ഐ ഗ്രൂപ്പ് സഭാചര്‍ച്ചകളില്‍ വിട്ടുനിന്നേയ്ക്കും
തിരുവനന്തപുരം: നിയമസഭയിലെ ചര്‍ച്ചകളില്‍ നിന്നും ഐ ഗ്രൂപ്പ് വിട്ടുനില്ക്കാന്‍ ആലോചിയ്ക്കുന്നു.
ആഭ്യന്തരവകുപ്പിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുപ്പിയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പിന്റെ ഈ തീരുമാനം. കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുന്നതില്‍ നിന്നും ഐ ഗ്രൂപ്പിലെ ടി.വി. ചന്ദ്രമോഹന്‍, മാലേത്ത് സരളാദേവി എന്നിവരുടെ പേരുകള്‍ ഒഴിവാക്കുകയായിരുന്നു.
തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ പി.പി. ജോര്‍ജ്ജ് പൊലീസ് ഭരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. ചൊവാഴ്ച പ്രസംഗിയ്ക്കാനുള്ളവരുടെ ലിസ്റ് തയ്യാറാക്കിയപ്പോള്‍ ചന്ദ്രമോഹന്റെയും സരളാദേവിയുടെയും പേരുകള്‍ ചേര്‍ക്കണമെന്ന് പി.പി. ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐഗ്രൂപ്പ് പ്രതിനിധികളെക്കൊണ്ട് സംസാരിപ്പിയ്ക്കേണ്ടതില്ലെന്ന് ആന്റണി ഗ്രൂപ്പ് തീരുമാനിയ്ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടി ചന്ദ്രമോഹനും സരളാദേവിയും ചൊവാഴ്ചത്തെ പ്രസംഗത്തില്‍ നിന്ന് ഒഴിയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പിന്നീടാണ് ഗ്രൂപ്പിനെ തഴയാനാണ് തിരുവഞ്ചൂരിന്റെ നീക്കമെന്ന് ഐഗ്രൂപ്പ് എംഎല്‍എമാര്‍ അറിയുന്നത്. വൈകുന്നേരം ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ കരുണാകരനെകണ്ട് ഇനിയുള്ള ചര്‍ച്ചകളില്‍ നിന്ന് ഐഗ്രൂപ്പ് പ്രതിഷേധപൂര്‍വം വിട്ടുനില്ക്കണമെന്ന് അറിയിച്ചു. ഇതിനോട് കരുണാകരന്‍ അനുകൂലമായി പ്രതികരിച്ചു. തീരുമാനം താന്‍ തന്നെ പിന്നീട് പ്രഖ്യാപിയ്ക്കാമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications