സദ്ദാം ഹുസൈനെ പാവ സര്‍ക്കാരിന് വിട്ടുകൊടുത്തു
ബാഗ്ദാദ്: യു എസ് സൈനികര്‍ പിടിച്ച സദ്ദാം ഹുസൈനെ ഇറാഖിലെ പുതിയ ഭരണകൂടത്തിന് കൈമാറി. സദ്ദാം സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന മറ്റ് പതിനൊന്ന് പേരെയും കൈമാറിയിട്ടുണ്ട്.
എന്നാല്‍ തുടര്‍ന്നും ഇവര്‍ യുഎസ് സൈനികരുടെ അധീനതയില്‍ തന്നെയായിരിയ്ക്കും. പുതിയ സര്‍ക്കാരിന് ഇവരെ സുരക്ഷിതമായി തടങ്കലില്‍ വയ്ക്കാനുള്ള കെല്പുണ്ടാകുന്നതുവരെ യു. എസ്. തന്നെ ഇവരെ തടങ്കലില്‍ പാര്‍പ്പിയ്ക്കും. ഇറാഖിലെ പുതിയ പ്രധാനമന്ത്രി ഇയാദ് അലാവി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിന് തീരുമാനിച്ചത്.
സദ്ദാമിനെ ജൂലൈ ഒന്ന് വ്യാഴാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇറാഖ് അധികൃതര്‍ പറയുന്നത്. 1980-88 കാലത്ത് ഇറാഖ് ഇറാന്‍ യുദ്ധം നടത്തിയതും1988 ല്‍ കുര്‍ദ്ദുകളെ കൊന്നതും 1990 ല്‍ കുവൈറ്റ് ആക്രമിച്ചതുമാണ് സദ്ദാമിനെതിരെയുള്ള പ്രധന കുറ്റങ്ങള്‍.
യു എസ് പ്രതിനിധി പോള്‍ ബ്രമര്‍ ഇറാഖ് ഭരണകര്‍ത്താവായിരുന്നപ്പോള്‍ റദ്ദാക്കിയ വധ ശിക്ഷ വീണ്ടും ഏര്‍പ്പെടുത്തുമെന്ന് ഇറാഖിലെ പുതിയ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സദ്ദാമിന്റെ ഭാവി എന്താവുമെന്ന് വിരള്‍ ചൂണ്ടുന്നതാവും ഒരുപക്ഷേ ഇത്.












Click it and Unblock the Notifications