കൊളംബോ-കരിപ്പൂര്‍ വിമാനം തുടങ്ങി
കോഴിക്കോട്: കൊളംബോയില്‍ നിന്ന് കരിപ്പൂരേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനസര്‍വീസ് ആരംഭിച്ചു. കൊളംബോ-കോഴിക്കോട് ആദ്യവിമാനം ജൂലൈ ഒന്ന് വ്യാഴാഴ്ച കരിപ്പൂരിലെത്തി.
130 യാത്രക്കാരുമായി രാവിലെ 9.50ന് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അധികൃതര്‍ സ്വീകരണം നല്‍കി. കരിപ്പൂരേക്ക് സ്ഥിരമായി സര്‍വീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ഇതര എയര്‍ലൈന്‍സാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നേരത്തെ സര്‍വീസ് നടത്തുന്നുണ്ട്.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന പത്താമത്തെ വിമാനത്താവളമാണ് കോഴിക്കോടെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഐടി ഡയറക്ടര്‍ നിഗെളോഷിയ സ്വീകരണചടങ്ങില്‍ പറഞ്ഞു. ഇപ്പോള്‍ ആഴ്ചയില്‍ നാല് ദിവസമാണ് ഈ വിമാനസര്‍വീസ് ഉള്ളത്. നവമ്പറോടെ ഇത് ആഴ്ചയില്‍ ഏഴ് ദിവസവും ഉള്ള സര്‍വീസാക്കി മാറ്റുമെന്നും നിഗെളോഷിയ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളം അടുത്തുതന്നെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവള ഡയറക്ടര്‍ എം. സുബറാവു പറഞ്ഞു. കരിപ്പൂരില്‍ നിന്ന് പ്രതിദിന സര്‍വീസ് നടത്തുന്ന 13 വിമാനങ്ങളില്‍ 11 ഉം ഗള്‍ഫ് മേഖലയിലേക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കസ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍. എസ്. രാമചന്ദ്രന്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കേരള ഇന്‍ചാര്‍ജ് ഉഷ സുബ്രഹ്മണ്യം എന്നിവരും ചടങ്ങില്‍ സംസാരിച്ചു.












Click it and Unblock the Notifications