റോയ്പോള്‍ വിരമിച്ചു
ദില്ലി: കേരളത്തിലെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന കേന്ദ്രവ്യോമയാന സെക്രട്ടറി കെ. റോയ്പോള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 2002 ഫിബ്രവരി മുതലാണ് അദ്ദേഹം വ്യോമയാനസെക്രട്ടറിയുടെ ചുതമല ഏറ്റെടുത്തത്. എയര്‍ഇന്ത്യയുടെ ചെര്‍മാന്‍ പദവിയും അദ്ദേഹം വഹിച്ചിരുന്നു.
ബിഹാര്‍ കേഡറില്‍ നിന്ന് 1967 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് റോയ്പോള്‍. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനത്തിലും ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിച്ച വ്യക്തിയാണ് റോയ്പോള്‍.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളവികസന പദ്ധതികള്‍ക്ക് അംഗീകാരം നല്കുന്നതിനും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. വിമാനയാത്രാനിരക്ക് ഒരു പരിധിവരെ കുറച്ചുകൊണ്ടുവരാനും റോയ്പോള്‍ ശ്രമം നടത്തിയിരുന്നു. എയര്‍പോര്‍ട്ട് ടാക്സ് എന്ന പേരില്‍ യാത്രക്കാരില്‍ നിന്ന് 500 രൂപ വീതം പിരിയ്ക്കുന്ന പതിവ് നിര്‍ത്തിയതും റോയ്പോളിന്റെ ശ്രമഫലമായാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആരംഭിയ്ക്കുന്നതിനും അദ്ദേഹം പങ്കുവഹിച്ചിരുന്നു. വ്യോമയാനസെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് റോയ്പോള്‍ കേന്ദ്ര വനം-പരിസ്ഥിതി സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നു.
പരേതനായ പി.എ. പൗലോസ് കോര്‍ എപ്പിസ്കോപ്പയുടെ(പെരുമ്പാവൂര്‍) മകനാണ്. സ്വാതന്ത്യ്രസമരസേനാനി പടിഞ്ഞാറെക്കര പരേതനായ പി.സി. ചെറിയാന്റെ മകള്‍ അമ്മുവാണ് ഭാര്യ. കേരളത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ.കെ. ബാബുപോള്‍ സഹോദരനാണ്.












Click it and Unblock the Notifications