എക്സപ്രസ് ഹൈവെ വിശദ റിപ്പോര്‍ട്ട് ഉടന്‍
തിരുവനന്തപുരം: എക്സപ്രസ് ഹൈവേ പദ്ധതിയോട് എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് അഞ്ച് മാസത്തിനുള്ളില്‍ തയ്യാറാവും. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷം മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് ഒരു സുപ്രഭാതത്തില്‍ റോഡ് നിര്‍മ്മിക്കാമെന്ന ധാരണയൊന്നും തനിക്കില്ലെന്ന് മന്ത്രി പറഞ്ഞു.പരിസ്ഥിതിയെ തകര്‍ത്ത് ആര്‍ക്കും ഒരു വികസനവും നടപ്പാക്കാനാവില്ല. പക്ഷേ, അനിവാര്യമായ വികസന പദ്ധതികളെ അംഗീകരിക്കേണ്ടിവരും.
ഹൈവേയ്ക്ക് 100 മീറ്റര്‍ വീതി വേണമെന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. റോഡിന് ഏഴ് മീറ്റര്‍ ഉയരമുണ്ടാവുമെന്നത് തെറ്റായ പ്രചാരണമാണ്. സമനിരപ്പില്‍ വരുന്ന സാധാരണ റോഡാണിത്. എക്സ്പ്രസ്സ് ഹൈവേ ഒരിക്കലും വന്‍മതിലാവില്ല. പേരില്‍ എക്സ്പ്രസ് ഉണ്ടെന്നേയുള്ളൂ. എല്ലാ റോഡിന്റെയും കൂട്ടത്തില്‍ പുതിയൊരു റോഡ് മാത്രമായിരിക്കും ഇത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വന്നാല്‍ ട്രക്കുകള്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള റോഡ് ഇപ്പോഴില്ല-മന്ത്രി പറഞ്ഞു.
തലസ്ഥാനനഗര വികസനപദ്ധതിയിലെ പണികള്‍ക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഉടന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം നീക്കിവച്ചിരിക്കുന്നത് തലസ്ഥാന വികസനത്തിനാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications