ഗവര്‍ണര്‍മാരെ നീക്കിയതിനെതിരെ ബിജെപി
ലക്നോ: നാല് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നീക്കിയതിനെതിരെ ബിജെപി നേതാക്കള്‍ ശക്തമായി രംഗത്തെത്തി.
നാല് ഗവര്‍ണര്‍മാരെ നീക്കിയ നടപടി ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണെന്ന് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.
ആര്‍എസ്എസുമായുള്ള ബന്ധത്തിന്റെ പേരിലാണ് നാല് ഗവര്‍ണര്‍മാരെ നീക്കിയതെന്ന വാര്‍ത്ത ഇതുവരെ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അത് തെറ്റാണെങ്കില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ അക്കാര്യം നിഷേധിക്കണം. അല്ലെങ്കില്‍ ആര്‍എസ്എസിനോട് മാപ്പ് പറയണം- വാജ്പേയി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ജനാധിപത്യവിരുദ്ധവും പൈശാചികവുമാണെന്ന് ബിജെപി പ്രസിഡന്റ് എം. വെങ്കയ്യ നായിഡു പറഞ്ഞു. ഈ നടപടിക്ക് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാവും. യുപിഎയില്‍ ചര്‍ച്ച ചെയ്യാതെയാണ് നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
ആദ്യം അവര്‍ ആരോപണവിധേയരായ മന്ത്രിമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തി. പിന്നീട് പാഠപുസ്തകങ്ങള്‍ തിരുത്തി. ഇപ്പോഴിതാ ഗവര്‍ണര്‍മാരെയും മാറ്റിയിരിക്കുന്നു. ഈ നടപടിയെ പൈശാചികമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ- നായിഡു പറഞ്ഞു.
അന്തര്‍ സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തില്‍ വാജ്പേയി സര്‍ക്കാര്‍ സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് നായിഡു ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications