ബഹളത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി
ദില്ലി: ലോക്സഭയുടെ ബജറ്റ് സമ്മേളനം ജൂലൈ അഞ്ച് തിങ്കളാഴ്ച തുടങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ആദ്യദിവസം തന്നെ സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു.
തെലുങ്ക്ദേശം അംഗം കെ. യെരന്‍നായിഡുവിന്റെ സത്യപ്രതിജ്ഞക്ക് ശേഷമാണ് പ്രതിപക്ഷം മന്‍മോഹന്‍സിംഗ് സര്‍ക്കാരിലെ ആരോപണ വിധേയരായ മന്ത്രിമാരുടെ സാന്നിധ്യത്തെ ചൊല്ലി ബഹളം തുടങ്ങിയത്. നക്സലൈറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യെരന്‍നായിഡു ഒരു വടിയുടെ സഹായത്തോടെയാണ് സഭയിലെത്തിയത്.
നായിഡു സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ബിജെപി ചീഫ് വിപ്പ് വിജയ്കുമാര്‍ മല്‍ഹോത്ര പ്രശ്നമുന്നയിച്ചു. ചോദ്യോത്തരവേളക്ക് ശേഷം പ്രശ്നമുന്നയിക്കാന്‍ അവസരം നല്‍കാമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.
ആരോപണവിധേയരായ മന്ത്രിമാരെ സര്‍ക്കാരില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിപക്ഷത്തിനെതിരെ ആര്‍ജെഡി അംഗങ്ങളും മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ഉച്ചവരെ ഒരു മണിക്കൂര്‍ നേരത്തേക്ക് സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
ഇറാക്ക് പ്രശ്നത്തെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സഭയില്‍ നടത്താനുള്ളത്. സിപിഐ അംഗങ്ങളായ പി. കെ. വാസുദേവന്‍ നായരും അജയ് ചക്രവര്‍ത്തിയുമാണ് ഇറാഖ് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് നോട്ടീസ് നല്‍കിയത്.












Click it and Unblock the Notifications