മമ്മൂട്ടിയ്ക്കെതിരായ കേസിന് സ്റേ
കൊച്ചി: കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിക്കും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനുമെതിരായ അപകീര്‍ത്തി കേസില്‍ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ പരിഗണനയിലാണ് കേസ്. തൃശൂരിലെ രാജാജി മാത്യു തോമസാണ് കേസ് ഫയല്‍ ചെയ്തത്. മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത അശ്വമേധം എന്ന കൈരളി ടിവി പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് രാജാജി മാത്യു തോമസ് കേസ് നല്കിയത്.
ജസ്റിസ് ജി. ശശിധരനാണ് കേസിലെ നടപടികള്‍ സ്റേ ചെയ്തത്. ചാനലിലെ പരിപാടികളുടെ എഡിറ്റിംഗും സ്ക്രീനിംഗും മാനേജിംഗ് ഡയറക്ടറുടെയും ചെയര്‍മാന്റെയും മേല്‍നോട്ടത്തില്‍ വരുന്നതല്ലെന്നും നയസംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് അവര്‍ കൈകാര്യം ചെയ്യുന്നതെന്നും മമ്മൂട്ടിക്കും ബ്രിട്ടാസിനും വേണ്ടി ഹാജരായ അഡ്വ. പി. വിജയഭാനു ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications