പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ മുന്‍ ബാച്ചുകാരായ വിദ്യാര്‍ഥികളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുന്ന പ്രശ്നത്തില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പാലോട് രവിയാണ് ജൂലൈ എട്ട് വ്യാഴാഴ്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. നെയ്യാറ്റിന്‍കര പാലിയോട് മേരിമാത എഞ്ചിനീയറിംഗ് കോളജിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് പാലോട് രവി നോട്ടീസ് നല്‍കിയത്.
ഇത്തരം സംഭവങ്ങള്‍ പാലിയോട് കോളജില്‍ മാത്രമല്ല നടക്കുന്നതെന്നും പല മാനേജ്മെന്റുകളും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കുമെന്ന് അദ്ദേഹം ഉറപ്പ്നല്കി.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാത്ത കോളജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് വാക്കൗട്ടിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications