ഫെര്‍ണാണ്ടസിനെ നഗ്നനാക്കി പരിശോധിച്ചു
വാഷിംഗ്ടണ്‍: കേന്ദ്രമന്ത്രിയായിരിക്കെ ഔദ്യോഗിക യാത്രയുടെ ഭാഗമായി യുഎസില്‍ എത്തിയ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധിച്ചുവെന്ന് വെളിപ്പെടുത്തല്‍.
മുന്‍ യുഎസ് ഉപ ഡപ്യൂട്ടി സെക്രട്ടറി സ്ട്രോബ് ടാല്‍ബോട്ടാണ് തന്റെ പുതിയ പുസ്തകത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അദ്ദേഹത്തിന്റെ എമര്‍ജിംഗ് ഇന്ത്യ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
യുഎസിലെ ഡാലസ് വിമാനത്താവളത്തിലാണ് ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രി അപമാനിതനായത്. ഫിബ്രവരിയില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ കണ്ടപ്പോള്‍ അദ്ദേഹം രോഷത്തോടെ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നും സ്ട്രോബ് ടാല്‍ബോട്ട് പറയുന്നു.
അന്ന് ഫെര്‍ണാണ്ടസിനെ കണ്ട യുഎസ് സംഘത്തിലെ ഒരംഗം ഇനി എന്നാണ് വാഷിംഗ്ടണിലേക്ക് വരുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ഫെര്‍ണാണ്ടസ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സ്ട്രോബ് ടാല്‍ബോട്ട് എഴുതുന്നു. ചോദ്യം കേട്ട ഫെര്‍ണാണ്ടസ് ആകെ രോഷാകുലനായി. ഡാലസ് വിമാനത്താവളത്തില്‍ 2002ലും 2003ലും രണ്ട് തവണ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി പരിശോധിച്ച വിവരം ഫെര്‍ണാണ്ടസ് പറഞ്ഞു. സപ്തംബറിലെ തീവ്രവാദി ആക്രമണത്തിന് ശേഷം സുരക്ഷയുടെ പേരില്‍ എങ്ങിനെയാണ് കിഴക്കുള്ളവരെ അമേരിക്ക അപമാനിച്ചതെന്നതിന് മറ്റൊരുദാഹരണമാണിതെന്നും സ്ട്രോബ് ടാല്‍ബോട്ട് എഴുതുന്നു.












Click it and Unblock the Notifications