കരുണാകരന്‍ പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: കേരളത്തിലെ ക്രമസമാധാനില വഷളായിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട് പരാതിപ്പെട്ടു.
ക്രമസമാധാനനിലയില്‍ മാറ്റം വരുന്നില്ലെങ്കില്‍ കേരളത്തിലെ സ്ഥിതി ഗുരുതരമാവുമെന്ന് കരുണാകരന്‍ മന്‍മോഹന്‍സിംഗിനെ ബോധിപ്പിച്ചു. ഇപ്പോഴത്തെഭരണവുമായി മുന്നോട്ടുപോയാല്‍ കേരളം എവിടെയെത്തി നില്‍ക്കുമെന്ന് പറയാനാവില്ലെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി.
ക്രമസമാധാന പ്രശ്നത്തിന് പുറമെ കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങളും സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്രം സഹായം അനുവദിച്ചാലും അത് ഉപയോഗപ്പെടുത്താന്‍ ആന്റണി സര്‍ക്കാരിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്ന് വര്‍ഷത്തിന് ശേഷവും ആന്റണിക്ക് ഭരണം ശരിയായി മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്നില്ല- കരുണാകരന്‍ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായും കരുണാകരന്‍ ചര്‍ച്ച നടത്തി. കെപിസിസി പുന:സംഘടനയുടെ അടിസ്ഥാനത്തിലുള്ള പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications