കര്‍ണ്ണാടകത്തില്‍ തേല്‍ഗി വിവാദം വീണ്ടും
ബാംഗ്ലൂര്‍: കര്‍ണ്ണാടകത്തില്‍ വ്യാജമുദ്രപേപ്പര്‍ കുംഭകോണത്തിലെ പ്രധാനപ്രതിയായ തേല്‍ഗിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധം വിവാദമായിരിക്കുകയാണ്.
തേല്‍ഗിയില്‍ നിന്നും വാങ്ങിയ 20 കോടി രൂപയാണ് രാജ്കുമാറിനെ മോചിപ്പിയ്ക്കാന്‍ കാട്ടുകള്ളന്‍ വീരപ്പന് നല്കിയതെന്ന റിട്ട. അസ്റിസ്റന്റ് കമ്മീഷണര്‍ സംഗ്രാം സിംഗിന്റെ വെളിപ്പെടുത്തലാണ് വിവാദം ആളിക്കത്തിച്ചിരിക്കുന്നത്. വ്യാജമുദ്രപേപ്പര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ പിടിയിലായതിന് ശേഷമാണ് കോടതിയില്‍ സംഗ്രാം സിംഗ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വീരപ്പന് നല്കാനായുള്ള 20 കോടി രൂപ താനാണ് കൈമാറിയതെന്നും സംഗ്രാം സിംഗ് പറയുന്നു. വ്യാജമുദ്രപേപ്പര്‍ കുംഭകോണത്തില്‍ യഥാര്‍ത്ഥ പ്രതിയായ മുന്‍കോണ്‍ഗ്രസ് മന്ത്രി റോഷന്‍ ബേഗിനെ സംരക്ഷിയ്ക്കുന്നതിന് തന്നെ ബലിയാടാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്നും സംഗ്രാം സിംഗ് പറയുന്നു. മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, മന്ത്രിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡി.കെ. ശിവകുമാര്‍, ഗുലാംനബി ആസാദ് എന്നിവര്‍ നിഷ്കളങ്കനായ തന്നെ ബലിയാടാക്കുകയാണെന്നും സംഗ്രാം സിംഗ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സംഗ്രാം സിംഗിന്റെ വെളിപ്പെടുത്തല്‍ വെറും കള്ളമാണെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. എന്തായാലും വീരപ്പന് നല്കിയ മോചനദ്രവ്യവും തേല്‍ഗിയും വ്യാജമുദ്രപത്ര കുംഭകോണത്തില്‍ മുന്‍മന്ത്രി റോഷന്‍ ബേഗിനുള്ള ബന്ധവും എല്ലാം ഇവിടെ ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുന്നു.
ബിജെപി ഈ വിവാദത്തെ ആളിക്കത്തിച്ച് നേട്ടം കൊയ്യാനുള്ള ശ്രമമാണ്. ജൂലായ് 11ന് കര്‍ണ്ണാടകയില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും ഈ വിഷയത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. അദ്വാനി ജൂലായ് 12 തിങ്കളാഴ്ച പാര്‍ലമെന്റിലും ഈ വിഷയം ഉന്നയിച്ചു.
എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി കര്‍ണ്ണാടക നിയമസഭയില്‍ ബിജെപി നേതാക്കള്‍ ആഞ്ഞടിയ്ക്കുകയാണ്. എന്തായാലും കോണ്‍ഗ്രസിന് സംഗ്രാം സിംഗിന്റെ ആരോപണത്തില്‍ നിന്നും എളുപ്പത്തില്‍ തലയൂരാന്‍ വിഷമമാകും.












Click it and Unblock the Notifications