യുഡിഎഫ് യോഗം തിങ്കളാഴ്ച; പോര് മൂര്‍ഛിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ സംയുക്തയോഗം ജൂലൈ 12 തിങ്കളാഴ്ച ചേരും.
കോണ്‍ഗ്രസും ചില ഘടകകക്ഷികളും തമ്മിലുള്ള തുറന്ന പോരിന് യോഗം വേദിയായേക്കുമെന്നാണ് കരുതുന്നത്. ചില ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന കഴിഞ്ഞ ദിവസത്തെ കെപിസിസി യോഗത്തില്‍ മന്ത്രിസഭാ പുന:സംഘടന നടത്തുമ്പോള്‍ സഹകരണം, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വകുപ്പുകള്‍ കൈയാളുന്ന ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ യോഗത്തില്‍ ആഞ്ഞടിക്കാനുള്ള ആയുധങ്ങളുമായായിരിക്കും യോഗത്തിലെത്തുക.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലെ മുഴുവന്‍ എംഎല്‍എമാരുടെയും യോഗം നടക്കുന്നത് ആദ്യമായാണ്. മന്ത്രിസഭാ പുന:സംഘടന ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് പരിക്കേല്‍ക്കാത്ത വിധം സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് എല്ലാ ഘടകകക്ഷികള്‍ക്കുമുള്ളത്.
ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെയും ടി. എം. ജേക്കബിനെതിരെയും യോഗത്തില്‍ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയേക്കും. അതേ സമയം തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പൊലീസ് വകുപ്പിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനായിരിക്കും മറ്റ് ഘടകകക്ഷികളുടെ ശ്രമം. പൊലീസ് വകുപ്പിനെതിരായ നിശിതവിമര്‍ശനം യുഡിഎഫ് നിയമസഭാകക്ഷി യോഗത്തിലും ഉയര്‍ന്നേക്കും.












Click it and Unblock the Notifications