ഗെയ്ല്‍ കേരളത്തില്‍ 10450 കോടി മുടക്കും
തിരുവനന്തപുരം: പ്രകൃതിവാതകരംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്‍) കേരളത്തില്‍ 10,450 കോടി രൂപ മുതല്‍ മുടക്കും. മൂന്ന് വ്യത്യസ്ത പദ്ധതികളിലായിട്ടായിരിക്കും നിക്ഷേപം ഇറക്കുക.
ഗെയ്ല്‍ ചീഫ് പ്രശാന്തോ ബാനര്‍ജി അറിയിച്ചതാണ് ഇക്കാര്യം. കാസര്‍കോട്ടെ ചീമേനിയില്‍ 7,000 കോടി രൂപ മുടക്കി നാഫ്ത ഉപയോഗിച്ചുള്ള പെട്രോകെമിക്കല്‍ കോംപ്ലക്സ് പണിയും. 2005 മെയ് മാസത്തോടെ ഈ പദ്ധതിയുടെ പണി തുടങ്ങാന്‍ കഴിയുമെന്ന് കരുതുന്നു.
പദ്ധതിയ്ക്കുള്ള കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു കഴിഞ്ഞു. ഇവരുടെ റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്ന് ബാനര്‍ജി പറഞ്ഞു. ഇതുവഴി 500 പേര്‍ക്ക് നേരിട്ടും 2,500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിയ്ക്കും. ഫാക്ടറിയ്ക്കായി ചീമേനിയില്‍ 1,000 ഏക്കര്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായി കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു.
കേരളത്തിന് ഇപ്പോള്‍ തന്നെ പ്രതിദിനം 250 ലക്ഷം ക്യുബിക് മീറ്റര്‍ ഗ്യാസ് ആവശ്യമുണ്ട്. 2010ഓടെ ഈ ആവശ്യം 4 കോടി ക്യുബിക് മീറ്ററായി ഉയരുമെന്നും ബാനര്‍ജി പറഞ്ഞു.
കൊച്ചിയിലെ പുതുവൈപ്പിന്‍ ദ്വീപില്‍ 1450 കോടി ചെലവില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിയ്ക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ആരംഭിയ്ക്കാന്‍ ഈ നീക്കം സഹായിക്കും.
2000 കോടി രൂപ ചെലവില്‍ 500 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈനുകള്‍ ഇടാനുള്ളതാണ് മൂന്നാമത്തെ പദ്ധതി. ഇതിനുള്ള സര്‍വേ പൂര്‍ത്തിയായി. കൊച്ചി-കാഞ്ഞിരക്കോട്-മാംഗ്ലൂര്‍ റൂട്ടില്‍ പൈപ്പ് ലൈനുകള്‍ ഇട്ടുകഴിഞ്ഞു. ഇപ്പോള്‍ കൊച്ചി-കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ മേഖലയില്‍ പൈപ്പ് ലൈനുകള്‍ ഇടുന്ന ജോലികള്‍ ആരംഭിയ്ക്കാന്‍ പോവുകയാണ്.
സംസ്ഥാനത്ത് വാതകവിതരണ സഹകരണക്കരാറില്‍ കഴിഞ്ഞ ദിവസം ഗെയ്ലും സംസ്ഥാന വ്യവസായവികസന കോര്‍പറേഷനും(കെഎസ്ഐഡിസി) ഒപ്പുവച്ചു. മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ ഗെയ്ല്‍ ഡയറക്ടര്‍ ബി.എസ്. നെഗിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ പി.എച്ച്. കുര്യനുമാണ് കരാറില്‍ ഒപ്പുവച്ചത്.












Click it and Unblock the Notifications