പൊലീസ് ഗുണ്ടകളുടെ ഏജന്റ്: വി.എസ്
തിരുവനന്തപുരം: ഗുണ്ടകളുടെ അതിക്രമം നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അതിനായി പാര്‍ട്ടിപ്രവര്‍ത്തകര്‍ മുന്നോട്ടുവരേണ്ടി വരുമെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഗുണ്ട തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ സിഐ ഓഫീസ് മാര്‍ച്ചിന്റെ ഭാഗമായി പേട്ട സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജൂലൈ 13 ചൊവാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ സാഹസപ്പെടുന്ന എ. കെ. ആന്റണിക്ക് ക്രമസമാധാനനില തകരുന്നതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. അക്രമങ്ങവും കൊള്ളയും ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഗുണ്ട-മാഫിയാ സംഘങ്ങളുടെ ഏജന്റുമാരായാണ് പൊലീസ് പെരുമാറുന്നത്- അച്യുതാനന്ദന്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍, വി. ശിവന്‍കുട്ടി, ബി. സത്യന്‍, സി. അജയകുമാര്‍, ബി. എസ്. രാജീവ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. തിരുവനന്തപുരം ജില്ലയിലെ 14 സിഐ ഓഫീസുകളിലേക്ക് മാര്‍ച്ച് നടന്നു.
എറണാകുളത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് എസ്. ശര്‍മ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് സിപിഎം ജില്ലാ സെക്രട്ടറി വി. ദക്ഷിണാമൂര്‍ത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications