നിയമസഭയില്‍ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഉയര്‍ത്തിക്കാട്ടി കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂലൈ 13 ചൊവാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം കരമനയാറ്റില്‍ കെട്ടിയിട്ട നിലയില്‍ ലക്ഷ്മണന്‍ നാടാര്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തെ കുറിച്ചാണ് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. ശൂന്യവേളയില്‍ ഡോ. തോമസ് ഐസക്ക്, പി. എസ്. സുപാല്‍ എന്നിവരാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍നാടാര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
സംസ്ഥാനത്ത് കൊലപാതകം കൂടിവരികയണെന്ന് കണക്കുകള്‍ നിരത്തി തോമസ് ഐസക് ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ താനും പുറത്തെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോകണമെന്ന് സഭ ബഹിഷ്കരിക്കുന്നതിന് മുമ്പ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications