ശാരദടീച്ചര്‍ ചെയ്തത് തെറ്റല്ലെന്ന് വിഎസ്
തിരുവനന്തപുരം: മരണാനന്തരം മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചിതാഭസ്മം ത്രിവേണീസംഗമത്തില്‍ നിമജ്ജനം ചെയ്ത ഭാര്യ ശാരദടീച്ചറുടെ നടപടി തെറ്റല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
ചിന്ത വാരികയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിഎസ്. ഇ.കെ. നായനാരുടെ ചിതാഭസ്മം സകലമാനദുരാചാര ജാതി കര്‍മ്മങ്ങള്‍ക്കും വിധേയമായി ത്രിവേണീസംഗമത്തില്‍ നിമജ്ജനം ചെയ്തത് ആ സഖാവിനോട് ഭാര്യയും മക്കളും കാണിച്ച നന്ദികേടായില്ലേ എന്ന കോറോം സ്വദേശി വേലിക്കകത്ത് കുഞ്ഞിരാമന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിഎസ്.
ഇഎംഎസിന്റെ ഭാര്യ ഈശ്വരവിശ്വാസിയായിരുന്നു. നായനാരുടെ ഭാര്യയും ഈശ്വരവിശ്വാസിയാണ്. ഇഎംഎസും നായനാരും തങ്ങളുടെ ഭാര്യമാര്‍ക്ക് അതിനുള്ള സ്വാതന്ത്യ്രം നല്കിയിരുന്നു. മാര്‍ക്സിസ്റുകാര്‍ എതിരാളികള്‍ വിമര്‍ശിയ്ക്കും പോലെ സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്ന സ്വേച്ഛാധിപതികളല്ല. - വിഎസ് മറുപടിയില്‍ പറയുന്നു.
മരണശേഷം ശവം സംസ്കരിയ്ക്കുകയോ മറവു ചെയ്യുകയോ ചെയ്യുന്നതിലൂടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മരണാനന്തരച്ചടങ്ങുകള്‍ തീരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന് വന്നേക്കാം. അങ്ങിനെ ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് മനപ്രയാസം ഉണ്ടാക്കും. അതിനാല്‍ അത് ഒഴിവാക്കാന്‍ പാര്‍ട്ടിയ്ക്ക് അവരോട് അഭ്യര്‍ത്ഥിയ്ക്കാം. എന്നാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ പരേതനോടുള്ള ഉത്കടമായ വികാരം കാരണം അത് അംഗീകരിച്ചില്ലെന്ന് വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ വികാരങ്ങളെ മാനിയ്ക്കാനുള്ള ബാധ്യത പാര്‍ട്ടിയ്ക്കുണ്ട്. - വിഎസ് വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications