ഗ്ലാഡിസ് ഇന്ത്യ വിടുന്നു
ഭുവനേശ്വര്‍: ക്രൂരമായി കൊലചെയ്യപ്പെട്ട ആസ്ത്രേല്യയില്‍ നിന്നുള്ള ജീവകാരുണ്യപ്രവര്‍ത്തകന്‍ ഗ്രഹാം സ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസ് സ്റെയിന്‍സ് ഇന്ത്യ വിടുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്ത്യ വിടുന്നതെന്നും വീണ്ടും തിരിച്ചുവരുമെന്നും ഗ്ലാഡിസ് സ്റെയിന്‍സ് പറയുന്നു. മകള്‍ എസ്തറിനെ ആസ്ത്രേല്യയില്‍ മെഡിസിന് ചേര്‍ക്കുകയാണെന്നും ഗ്ലാഡിസ് സ്റെയിന്‍സ് പറഞ്ഞു. ഒറീസയിലെ ബരിപാഡയില്‍ ഗ്രഹാം സ്റെയിന്‍സിന്റെ പേരില്‍ ഒരാശുപത്രി ഗ്ലാഡിസ് സ്റെയിന്‍സ് നിര്‍മ്മിച്ചിരുന്നു.
ഇന്ത്യയ്ക്കെതിരായ യാതൊരു വികാരവും എന്നിലില്ല. ഇവിടെ നിന്നും എനിയ്ക്ക് സ്നേഹവും ഊഷ്മളമായ സ്നേഹബന്ധങ്ങളും ലഭിച്ചു. എസ്തറിന്റെ വിദ്യാഭ്യാസവും മറ്റ് വ്യക്തിപരമായ കാരണങ്ങളാലും ആണ് ഞാന്‍ ഇന്ത്യ വിടുന്നത്. - ഗ്ലാഡിസ് സ്റെയിന്‍സ് പറഞ്ഞു.
ആസ്ത്രേല്യയില്‍ രജസിറ്റര്‍ ചെയ്തിട്ടുള്ള ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബഞ്ജ്(ഇഎംഎസ്എം) വിദേശങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് നല്കുന്ന പ്രത്യേക ഓഫര്‍ പ്രകാരമാണ് ഗ്ലാഡിസ് ആസ്ത്രേല്യയിലേക്ക് മടങ്ങുന്നതെന്ന് ഇഎംഎസ്എം വക്താവ് അറിയിച്ചു. ആറ് മുതല്‍ എട്ട് മാസം വരെ ഇതുപ്രകാരം ഗ്ലാഡിസിന് ആസ്ത്രേല്യയില്‍ ചെലവഴിയ്ക്കാം. - വക്താവ് പറയുന്നു.
ഒരു ജീപ്പില്‍ ഉറങ്ങുകയായിരുന്ന ഗ്രഹാം സ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും 1999 ജനവരി 22ന് ഹിന്ദു തീവ്രവാദികള്‍ ചുട്ടുകൊല്ലുകയായിരുന്നു. അതേ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാപ്പ് കൊടുക്കുകയായിരുന്നു ഗ്ലാഡിസ് സ്റെയിന്‍സ് ചെയ്തത്.












Click it and Unblock the Notifications