ബ്രിട്ടീഷുകാരിയെ കൊന്ന ഇന്ത്യക്കാരന്‍ പിടിയില്‍
സിലിഗുഡി: മകളുടെ ഘാതകനെ തേടി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് സമാധാനത്തോടെ മടങ്ങാം. ഇംഗ്ലണ്ടിലെ സതാംപ്ടനില്‍ അവരുടെ മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ ബംഗാള്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ് ചെയ്തു.
പ്രതി മനീന്ദര്‍ പാല്‍ സിംഗിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ബ്രിട്ടനില്‍ നിന്നും മുങ്ങിയ കോലി സ്വന്തം വീടായ പഞ്ചാബിലെ മൊഹാലിയില്‍ എത്തിയിരുന്നു. പക്ഷെ പൊലീസ് അന്വേഷണം ഭയന്ന് സ്ഥലം വിട്ടു. പിന്നീട് ബംഗാളിലെ കലിംപോങ്ങില്‍ ഒളിച്ചുകഴിയുകയായിരുന്നു. മൂന്ന് മാസം ഇവിടെ തങ്ങിയ കോലി ഒരു വിവാഹം കഴിച്ച് നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് അറസ്റിലായത്.
2003 മാര്‍ച്ച് 14നാണ് കോലി കൊല നടത്തിയത്. ഹന്ന ഫോസ്റര്‍ എന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷമാണ് കോലി വധിച്ചത്. സ്കൂളില്‍ നിന്നും മടങ്ങുന്ന വഴിയാണ് ഹന്ന ഫോസ്ററെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കോലി വധിച്ചത്. സാന്‍വിച്ച് ഡെലിവറി വാന്‍ ഡ്രൈവറായ കോലിയ്ക്ക് ഇംഗ്ലണ്ടില്‍ ഭാര്യയും മക്കളുമുണ്ട്.
കോലി ഇന്ത്യയിലേക്ക് മുങ്ങിയതായി സൂചന ലഭിച്ച ഹന്ന ഫോസ്ററുടെ അച്ഛനമ്മമാരായ ട്രെവര്‍ ഫോസ്ററും ഭാര്യ ഹിലാരിയും കഴിഞ്ഞ ദിവസം ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തങ്ങളുടെ മകളെ വധിച്ചയാളെ കണ്ടുപിടിയ്ക്കുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലവും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ മൂന്നാം ദിവസമാണ് കോലി പിടിയിലായത്.












Click it and Unblock the Notifications