ഷൂസില്‍ ഓം ചിഹ്നം: കമ്പനി മാപ്പ് പറഞ്ഞു
ലണ്ടന്‍: ഷൂസില്‍ ഓം ചിഹ്നം പതിപ്പിച്ച ലണ്ടന്‍ ചെരിപ്പുകമ്പനി മതവികാരം വ്രണപ്പെടുത്തിയതിന് ഹിന്ദുക്കളോട് മാപ്പ് പറഞ്ഞു. ഓം ചിഹ്നം പതിപ്പിച്ച ഷൂസുകള്‍ കമ്പനി വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
ലേസീസ് ഫൂട്ട്വെയര്‍ എന്ന കമ്പനിയാണ് ചെരിപ്പില്‍ ഓം ചിഹ്നം പതിപ്പിച്ച് മതവിശ്വാസികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഹിന്ദുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പ് പറയുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഷൂസ് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും കമ്പനി മാപ്പ് പറയണമെന്നും ബ്രിട്ടനിലെ ഹിന്ദു ഫോറം ആവശ്യപ്പെട്ടിരുന്നു.
ഓം ചിഹ്നത്തിനെ ഓര്‍മിപ്പിക്കുമെന്ന ധാരണയോടെയല്ല പ്രതിഷേധത്തിനിടയാക്കിയ ഷൂസ് ഡിസൈന്‍ ചെയ്തതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഹിന്ദു ഫോറത്തിന്റ പ്രതിഷേധം കണക്കിലെടുത്ത് ഷൂസ് ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ദൈവത്തിന്റെ പ്രതീകമായി കരുതുന്ന ഓം ചിഹ്നത്തിന് മേല്‍ കാല്‍ വയ്ക്കുന്ന തരത്തില്‍ ചെരിപ്പ് രൂപകല്പനം ചെയ്തത് ഹിന്ദുവിശ്വാസങ്ങളെ മുറിപ്പെടുത്താന്‍ കാരണമായെന്ന് ബ്രിട്ടനിലെ ഹിന്ദു ഫോറം ജനറല്‍ സെക്രട്ടറി രമേഷ് കലിഡായി പറഞ്ഞു.
ഷെപ്പേര്‍ഡ് ബുഷ് മാര്‍ക്കറ്റിലെ ഒരു ഷോപ്പില്‍ ഷൂസ് കണ്ട ഒരു വിശ്വാസി ഇക്കാര്യം ഉടന്‍ ഫോറത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് ലണ്ടന്‍ സേവാശ്രമസംഘം സെക്രട്ടറി സ്വാമി നിര്‍ലിപ്താനന്ദ പറഞ്ഞു.












Click it and Unblock the Notifications