അബുസലിമിന് പണം മുടക്കുന്നത് ദാവൂദ്
ദില്ലി: പോര്‍ച്ചുഗല്‍ ജയിലില്‍ കഴിയുന്ന അബു സലിമിന്റെ കേസ് നടത്തിപ്പിന് വേണ്ട പണം മുടക്കുന്നത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമാണെന്ന് സിബിഐ.
ദാവൂദ് കമ്പനിയില്‍ നെടുകെ പിളര്‍പ്പുണ്ടായെന്നും തന്നെ വഞ്ചിച്ചതിന് ദാവൂദ് അബു സലിമിനോട് പകരവീട്ടാനൊരുങ്ങുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. മുംബൈ സ്ഫോടനപരമ്പരക്കേസില്‍ മുഖ്യപ്രതിയായ അബു സലിമിനെ വിട്ടുകിട്ടാന്‍ ഇന്ത്യ പോര്‍ച്ചുഗലിനെ സമീപിച്ചപ്പോള്‍ തനിയ്ക്ക് ലിസ്ബനില്‍ തന്നെ ഒളിച്ചുകഴിഞ്ഞാല്‍ മതിയെന്ന് അബു സലിം പോര്‍ച്ചുഗല്‍ കോടതിയോട് പറഞ്ഞിരുന്നു. ഇത് ദാവൂദിനെ പേടിച്ചിട്ടായിരുന്നുവെന്നും അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ ദുബായില്‍ നിന്നും ഈയിടെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയ ഏതാനും പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് സിബിഐയ്ക്ക് പുതിയ വിവരങ്ങള്‍ ലഭിച്ചത്. താനും ദാവൂദും ശത്രുക്കളാണന്ന ഒരു തെറ്റിദ്ധാരണ പരത്തുകയായിരുന്നു അബു സലിമിന്റെ ലക്ഷ്യമെന്നറിയുന്നു. പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനായിരുന്നു ഈ നീക്കമെന്നും സിബിഐയ്ക്ക് മനസ്സിലായി.
അബു സലിമിന് വേണ്ടി പോര്‍ച്ചുഗല്‍ കോടതിയിലെ എല്ലാ ചെലവും വഹിയ്ക്കുന്നത് ദാവൂദാണെന്നും ഇവര്‍ പറയുന്നു. 257 പേരുടെ മരണത്തിനും 30 കോടിയുടെ നാശനഷ്ടത്തിനും ഇടയാക്കിയ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ ഇന്ത്യ ദാവൂദിനെയും അബു സലിമിനെയും തേടുകയാണ്. പോര്‍ച്ചുഗലില്‍ ഒരു സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ അബു സലിമിനെ ദാവൂദ് അയച്ചതാണെന്നും പറയുന്നു.












Click it and Unblock the Notifications