യൂത്ത് ലീഗ് സമരത്തിന് ലീഗ് പിന്തുണ
കോഴിക്കോട്: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുസ്ലിം യൂത്ത് ലീഗിന്റെ പ്രക്ഷോഭത്തിന് മുസ്ലിം ലീഗിന്റെ സര്‍വപിന്തുണയുമുണ്ടെന്ന് വ്യവസായമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കെ. കുഞ്ഞാലിക്കുട്ടി.
ലീഗ് സര്‍ക്കാരിന്റെ ഭാഗമാണെന്നത് പ്രക്ഷോഭത്തെ പിന്തുണക്കുന്നതിന് തടസമല്ല. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല.
സര്‍ക്കാര്‍ സര്‍വീസിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് മുന്‍കൈയെടുത്തത് മുസ്ലിം ലീഗാണ്. ഈ പ്രശ്നം നിയമസഭയില്‍ ഉയര്‍ത്തുമ്പോഴൊക്കെ വിവരം ശേഖരിച്ചുവരികയാണെന്ന മറുപടിയാണ് ലഭിക്കാറ്. ഇപ്പോള്‍ ലീഗിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.
പിന്നോക്ക ജാതികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അവസാനത്തെ അഭയം മുസ്ലിം ലീഗാണ്. സംവരണത്തെ കുറിച്ചുള്ള ചര്‍ച്ച ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ തുടങ്ങിയിട്ടേയുള്ളൂ. എന്നാല്‍ മുസ്ലിം ലീഗിന്റെ സാന്നിധ്യമാണ് കേരളത്തിലെ സ്ഥിതിഗതികള്‍ മറ്റൊന്നാക്കിയത്. മാറാട് പ്രശ്നത്തില്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ മുസ്ലിം ലീഗ് തന്നെ മുന്നോട്ടുവരേണ്ടിവന്നു- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications