ഇ-ഗവേണന്‍സ് ബിടിഎം മാതൃകയില്‍
കൊച്ചി: കേരളത്തില്‍ 100 കോടി രൂപയുടെ ഇ-ഗവേണന്‍സ് പദ്ധതി സ്ഥാപിച്ച്-കൈമാറി-കൈവശംവയ്ക്കല്‍ (ബിടിഎം) മാതൃകയില്‍ നടപ്പാക്കും. സംസ്ഥാനത്തെ 1,249 പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അനുബന്ധസര്‍ക്കാര്‍ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിയ്ക്കുകയാണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി സംസ്ഥാനവ്യവസായ വികസന കോര്‍പ്പറേഷന്‍(കെഎസ്ഐഡിസി) ആഗോള ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ബിടിഎം മാതൃകയിലായിരിക്കും ഇ-ഗവേണന്‍സ് നടപ്പാക്കുകയെന്നതിനാല്‍ സൗജന്യസോഫ്റ്റവെയര്‍ സ്വീകരിയ്ക്കണോ മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയര്‍ സ്വീകരിയ്ക്കണമോ എന്നത് സംബന്ധിച്ച തര്‍ക്കം ഇല്ലാതാകുമെന്ന് കരുതുന്നു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സര്‍ക്കാരിന് വേണ്ടി തയ്യാറാക്കിയ ഏതാനും ഇ-ഗവേണന്‍സ് അപ്ലിക്കേഷന്‍സ് മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫാമിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ഇനി ഇ-ഗവേണന്‍സ് സുഗമമായി വിപുലീകരിക്കണമെങ്കില്‍ ഇനിയുള്ളവ കൂടി മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫാമില്‍ തന്നെ തയ്യാറാക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ ബിടിഎം മാതൃകയില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുമ്പോള്‍ ഈ പ്രതിസന്ധി ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇപ്പോള്‍ ഇ-ഗവേണന്‍സ് പദ്ധതി നടപ്പാക്കാന്‍ സോഫ്റ്റവെയര്‍-ഹാര്‍ഡ്വെയര്‍ മേഖലകളില്‍ ഒരു പോലെ പ്രശസ്തരായ കമ്പനിയെയോ കൂട്ടുകമ്പനികളെയോ ആണ് കേരളം അന്വേഷിയ്ക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇ-ഗവേണന്‍സ് പദ്ധതിയിലൂടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ ആസൂത്രണ ഓഫീസുകള്‍, പഞ്ചായത്ത് ഡയറക്ടറേറ്റുകള്‍, മുനിസിപ്പാലിറ്റികള്‍, മറ്റ് ജില്ലാ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിയ്ക്കുകയാണ് ലക്ഷ്യം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കാനാണ് തീരുമാനം.












Click it and Unblock the Notifications