കൊച്ചി-മസ്കറ്റ് വിമാനം നിലത്തിറക്കി
കൊച്ചി: കൊച്ചിയില്‍ നിന്നും മസ്കറ്റിലേക്കുള്ള എയറിന്ത്യവിമാനം യന്ത്രത്തകരാര്‍ മൂലം അടിയന്തരമായി നിലത്തിറക്കി. ജൂലൈ 21 ബുധനാഴ്ച 120 യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്നും മസ്കറ്റിലേക്ക് പറന്ന വിമാനമാണ് അടിയന്തരമായി നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്.
വിമാനം പൊങ്ങി ഒരു മണിക്കൂറിന് ശേഷമാണ് വീണ്ടും നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്. ബുധനാഴ്ച രാവിലെ 2.55നാണ് എയറിന്ത്യയുടെ എഐ 947 വിമാനം നെടുമ്പാശേരിയില്‍ നിന്നും യാത്ര തിരിച്ചത്. സാങ്കേതികത്തകരാര്‍ മൂലമാണ് വിമാനം നിലത്തിറക്കിയതെന്ന് കരുതുന്നു. എയര്‍ കംപ്രസര്‍ സംവിധാനത്തില്‍ കണ്ടെത്തിയ തകരാര്‍ മൂലമാണ് വിമാനം ഇറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.
തകരാര്‍ കണ്ടയുടനെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് മുന്നറിയിപ്പ് നല്കിയ ശേഷം വിമാനം തിരിച്ചു നിലത്തിറക്കുകയായിരുന്നു. ഈ യാത്രക്കാരെ മുംബൈയില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമെത്തുന്ന പ്രത്യേക എയറിന്ത്യ വിമാനത്തില്‍ മസ്കറ്റിലെത്തിയ്ക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. യാത്രക്കാരില്‍ എട്ട് പേരെ ബുധനാഴ്ച രാവിലെ തന്നെ മറ്റൊരു വിമാനത്തില്‍ മസ്കറ്റിലേക്കയച്ചിട്ടുണ്ട്.












Click it and Unblock the Notifications