പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കോതമംഗലം മാര്‍ ബസേലിയസ് സ്വാശ്രയ ദന്തല്‍ കോളജിലെ മൂന്നാം വര്‍ഷം വിദ്യാര്‍ഥികള്‍ മാനേജ്മെന്റ് നിശ്ചയിച്ച ഫീസായ ഒരു ലക്ഷം രൂപ നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 21 ബുധനാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അടിയന്തിരപ്രമേയത്തിന് അനുമതി തേടിയ ഷാജി പോളും മറ്റ് എംഎല്‍എമാരുമാണ് പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ ഫീസ് മാത്രമേ തങ്ങള്‍ അടയ്ക്കൂവെന്ന നിലപാടിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം കോതമംഗലം മാര്‍ ബസേലിയസ് സ്വാശ്രയ ദന്തല്‍ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.
സ്വാശ്രയകോളജുകളിലെ ഫീസ് സംബന്ധിച്ച നിയമം അനുസരിച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി വ്യക്തമാക്കി. സ്വാശ്രയകോളജുകളിലെ മെറിറ്റ് ക്വാട്ടയില്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പുതുതായി പ്രവേശനം നേടിയവര്‍ക്കും മാത്രമേ ബാധകമാവൂയെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ഫീസ് പ്രശ്നത്തില്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് കീഴടങ്ങുകയാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications