എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: സ്വാശ്രയകോളജില്‍ ഫീസടയ്ക്കാന്‍ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത പ്രശ്നത്തില്‍ എസ്എഫ്ഐ ജൂലൈ 23 വെള്ളിയാഴ്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.
പൊലീസും വിദ്യാര്‍ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സിപിഎം നേതാവ് എം. വി. ജയരാജന്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഹെല്‍ത്ത് സര്‍വീസിന്റെ ഒരു വാന്‍ വിദ്യാര്‍ഥികള്‍ കത്തിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ തിങ്കളാഴ്ച വിദ്യാഭ്യാസബന്ദ് ആചരിക്കുന്നതിന് ആഹ്വാനം ചെയ്തു.
പൊലീസിന്റെ പ്രതിരോധത്തെ ചെറുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടലിന് വഴിവച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പോരിന്റെ അന്തരീക്ഷമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസുകാരും കല്ലേറ് നടത്തി.
എസ്എഫ്ഐ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളജിലാണ് തമ്പടിച്ചത്. യൂണിവേഴ്സിറ്റി കോളജിലേക്ക് പൊലീസുകാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കള്‍ തടഞ്ഞു. ഇത് പൊലീസുകാരും സിപിഎം നേതാക്കളും തമ്മിലുള്ള വാക്കേറ്റത്തിന് വഴിവച്ചു.
സെക്രട്ടറിയേറ്റിനും യൂണിവേഴ്സിറ്റി കോളജിനും സമീപം നിര്‍ത്തിയിട്ട വാഹനങ്ങളും വിദ്യാര്‍ഥികള്‍ തകര്‍ത്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.












Click it and Unblock the Notifications