കേരളത്തില്‍ പരക്കെ അക്രമം
തിരുവനന്തപുരം: ഇടതുവിദ്യാര്‍ത്ഥിസംഘടനകള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് കേരളത്തില്‍ ജൂലൈ 26 നടന്ന തിങ്കളാഴ്ച നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ പരക്കെ അക്രമം.
ഇടതുപക്ഷയുവജന-വിദ്യാര്‍ത്ഥി സംഘടനകളും പൊലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കളമശേരി, പത്തനംതിട്ട തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രകടനക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
രണ്ട് ദിവസത്തിനകം സ്വാശ്രയകോളെജ് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്നും മന്ത്രിമാര്‍ക്ക് സമാധാനത്തോടെ കേരളത്തില്‍ വഴിയിലിറങ്ങി നടക്കാന്‍ കഴിയില്ലെന്നും രാഗേഷ് പറഞ്ഞു. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്ചെയ്ത് നീക്കി.
പത്തനംതിട്ടയില്‍ സമരക്കാര്‍ ജീപ്പ് കത്തിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് അക്രമം നടന്നത്. എംഎല്‍എയുടെ വീടിന് നേരെ കല്ലേറുണ്ടായി. ഇവിടെ എബിവിപി നേതൃത്വത്തിലും മാര്‍ച്ച് നടന്നു. പത്തനം തിട്ട ജില്ലയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്.
എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഐഎച്ച്ആര്‍ഡി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. 25 പേരെ പൊലീസ് അറസ്റ്ചെയ്തു.
കോഴിക്കോട് എബിവിപി മാര്‍ച്ച് അക്രമാസക്തമായി. മന്ത്രി നാലകത്ത് സൂപ്പി രാജിവയ്ക്കണമെന്ന മുദ്രാവാക്യം മുഴക്കിയാണ് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ആരംഭിച്ചത്. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ് ചെയ്ത് നീക്കി. കോഴിക്കോട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കോലം കത്തിച്ചു.
കൊച്ചിയിലും മാര്‍ച്ച് അക്രമാസക്തമായി. ഇവിടെ എഐഎസ്എഫ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കളമശേരിയിലെ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് ഓഫീസിലായിരുന്നു ആക്രമണം നടന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ളഎല്ലാ മുറികളുടെയും ജനല്‍ ചില്ലുകള്‍ പ്രകടനക്കാര്‍ എറിഞ്ഞു തകര്‍ത്തു. കമ്പ്യൂട്ടര്‍ റൂമിന്റെ മുറികളുടെ ജനല്‍ ചില്ലുകളും എറിഞ്ഞുതകര്‍ത്തു.
ഡിവൈഎഫ്ഐ കണയന്നൂര്‍ താലൂക്ക് ഓഫീസിന് നേരെ മാര്‍ച്ച് നടത്തി. ആലപ്പുഴയിലും വയനാട്ടിലും ബാങ്കുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കല്പറ്റയില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. 20 വിദ്യാര്‍ത്ഥികളെ അറസ്റ് ചെയ്തു.












Click it and Unblock the Notifications