ബാംഗ്ലൂരിന്റെ മുഖം മിനുക്കാന്‍ മൂര്‍ത്തി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിലെ ട്രാഫിക് ദുരിതം തീര്‍ക്കാന്‍ വ്യവസായികളുടെ സഹായത്തോടെ പദ്ധതിയൊരുക്കാന്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജൂലൈ 27 ചൊവാഴ്ച വിധാന്‍സൗധയില്‍ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നാരായണമൂര്‍ത്തി.
ബാംഗ്ലൂര്‍ നഗരത്തിലെ യാത്രാദുരിതവും മറ്റും രൂക്ഷമായതിനാല്‍ വിപ്രോ ബാംഗ്ലൂരിന് പകരം ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പ്രസ്താവിച്ചിരുന്നു.
അസിംപ്രേംജിയുടെ പ്രസ്താവനയില്‍ രോഷം കൊള്ളേണ്ട കാര്യമില്ല. ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രശ്നങ്ങള്‍ വ്യവസായികളും സര്‍ക്കാരും കൈകോര്‍ത്ത് പിടിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ. നല്ലൊരു ബാംഗ്ലൂരിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം. - നാരായണമൂര്‍ത്തി പറഞ്ഞു.
സോഫ്റ്റ്വെയര്‍ രംഗത്ത് നിക്ഷേപം മുടക്കാന്‍ വന്‍ കമ്പനികള്‍ രംഗത്തെത്തുന്നതോടെ ബാംഗ്ലൂര്‍ നഗരം അതിവേഗത്തില്‍ വളരുകയാണ്. എന്നാല്‍ ഈ വളര്‍ച്ചാവേഗത്തോട് പൊരുത്തപ്പെടാന്‍ നഗരത്തിന് കഴിയുന്നില്ല.
രണ്ട് വര്‍ഷം മുമ്പ് നഗരത്തില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താന്‍ മൂന്ന് മണിക്കൂര്‍ വേണ്ടിവരുമായിരുന്നു. അപ്പോള്‍ സര്‍ക്കാരും വ്യവസായികളും കൈകോര്‍ത്ത് ആ പ്രശ്നം പരിഹരിച്ചു. നഗരത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് വ്യവസായികള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്‍ഫോസിസ് അതിന്റെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications