രജനി: സിറ്റിംഗ് ജഡ്ജിയെ കിട്ടുക പ്രയാസം
കൊച്ചി: എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി രജനിയുടെ ആത്മഹത്യയെ കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്.
സിറ്റിംഗ് ജഡ്ജിമാരുടെ സേവനം അന്വേഷണ കമ്മിഷനെന്ന നിലയില്‍ വിട്ടുനല്‍കുന്നത് അത്യപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ പാടുള്ളൂവെന്ന് സുപ്രിം കോടതിയുടെ വിധി നിലവിലിരിക്കെ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം പ്രായോഗികമാക്കുക എളുപ്പമല്ല. പരമപ്രധാനമായ ദേശീയതാത്പര്യങ്ങളുള്ള വിഷയങ്ങളില്‍ നടത്തുന്ന അന്വേഷണത്തിന് മാത്രമേ സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുനല്‍കാവൂ എന്ന് സുപ്രിം കോടതിയുടെ നിര്‍ദേശമുണ്ട്.
2002ല്‍ ജസ്റിസുമാരായ ബി. എന്‍. കൃപാല്‍, വൈ. കെ. സബര്‍വാള്‍, കെ. ജി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സുപ്രിം കോടതി ബെഞ്ചാണ് ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ പോണ്ടിച്ചേരി സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റായി നിയമിച്ചതിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഒരു സംഘം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധിയുണ്ടായത്.
വിരമിക്കാന്‍ ചുരുങ്ങിയ കാലം മാത്രം അവശേഷിക്കുന്ന ജഡ്ജിമാര്‍ അന്വേഷണ കമ്മിഷനായി ചുമതലയേല്‍ക്കും മുമ്പ് പദവി രാജിവയ്ക്കാന്‍ തയ്യാറാവണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാരെ അന്വേഷണ കമ്മിഷനായി നിയമിക്കുന്നത് പലപ്പോഴും കോടതികളുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുമെന്നതിനാലാണ് സുപ്രിം കോടതി ഈ നിര്‍ദേശം നല്‍കിയത്. കമ്മിഷന്റെ പദവി ഹൈക്കോടതി ജഡ്ജിയുടെ പദവിക്ക് തുല്യവുമല്ല. കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല. പല സര്‍ക്കാരുകളും കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ നടപടി സ്വീകരിക്കാറില്ല. അങ്ങനെയിരിക്കെ ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം നീണ്ട കാലം കമ്മിഷനെന്ന നിലയില്‍ ഉപയോഗിക്കുന്നതിലെ അനൗചിത്യം സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ മാറാട് സംഭവത്തില്‍ സിറ്റിഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകൊടുത്തിരുന്നില്ല. സുപ്രിം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്.












Click it and Unblock the Notifications