ഈജിപ്തിലെ നയതന്ത്രജ്ഞനെ വിട്ടു
ബാഗ്ദാദ്: ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഈജിപ്ത്കാരനായ നയതന്ത്രജ്ഞനെ വെറുതെവിട്ടു.
ഈജിപ്തിലെ നയതന്ത്രജ്ഞനായ മുഹമ്മദ് മേംദോത്ത് കുത്തബിനെ അദ്ദേഹത്തിന്റെ മതവിശ്വാസവും ധാര്‍മികഗുണങ്ങളും കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് തീവ്രവാദികളെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കുത്തബിനെ മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അല്‍-ജസീറ സംപ്രേഷണം ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ക്ക് കുത്തബ് ഹസ്തദാനം നല്‍കുന്നത് വീഡിയോ ദൃശ്യത്തില്‍ കാണാമായിരുന്നു. ഈജിപ്ത്യന്‍ നയതന്ത്രജ്ഞനെ മോചിപ്പിക്കുന്നതില്‍ തങ്ങള്‍ പണമൊന്നും വാങ്ങിയിട്ടില്ലെന്ന് തീവ്രവാദി സംഘടന വ്യക്തമാക്കി.
ഇറാഖി സര്‍ക്കാരിന് സുരക്ഷാസഹായം നല്‍കുമെന്ന് ഈജിപ്ത്യന്‍ പ്രധാനമന്ത്രി അഹമ്മദ് നാസിഫ് പറഞ്ഞതിന് പിന്നാലെയാണ് വെള്ളിയാഴ്ച നയതന്ത്രജ്ഞനെ തട്ടിക്കൊണ്ടുപോയത്. ആദ്യമായാണ് ഇറാഖില്‍ ഒരു നയതന്ത്രജ്ഞനെ തട്ടിക്കൊണ്ടുപോവുന്നത്. കുത്തബിനെ തട്ടിക്കൊണ്ടുപയോതിനെ തുടര്‍ന്ന് ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് പരിഗണിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കിയിരുന്നു.
നയതന്ത്രജ്ഞനെ മോചിപ്പിക്കാന്‍ സഹായിച്ച ഇറാഖിലെ ജനങ്ങള്‍ക്ക് ഈജിപ്ത് നന്ദി പറഞ്ഞു.












Click it and Unblock the Notifications