ബസ് നിരക്ക് 20% കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ബസ് നിരക്ക് ഇരുപത് ശതമാനം കൂട്ടാന്‍ നാഷല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക് )ശുപാര്‍ശ ചെയ്തതായി ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ജൂലൈ 28 ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം നാറ്റ്പാകിന്റെ ശുപാര്‍ശ പരിഗണിക്കും.
ഡീസലിന്റെ വില കൂട്ടിയതു മൂലം ഒരു ബസിന് അഞ്ഞൂറ് രൂപ ദിവസം അധികച്ചെലവ് വരുന്നുണ്ട്. ബസ് ചാര്‍ജ് ഒടുവില്‍ പുതുക്കിയതിന് ശേഷം പല തവണ ഡീസലിന്റെ വില ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പി. സി. ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി സ്വകാര്യ ബസ്സുടമകള്‍ ഉന്നയിക്കുന്ന ബസ് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം വ്യാവസായികാടിസ്ഥാനത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ രവീന്ദ്രന്‍നായര്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. ചെലവ് വര്‍ധനയുടെ അടിസ്ഥാനത്തില്‍ ബസ് നിരക്ക് ഉയര്‍ത്തണമെന്നും ഇതിനായി ഒരു സ്ഥിരം സമിതി രൂപീകരിക്കണമെന്നുമാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര ഏജന്‍സിയായ നാറ്റ്പാകിനെ ബസ് നിരക്ക് കൂട്ടുന്നതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ചത്.
നാറ്റ്പാകിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഡീസല്‍ വില ആറ് രൂപയാണ് കൂട്ടിയത്. ഒടുവിലത്തെ നിരക്ക് വര്‍ധനയ്ക്കു ശേഷം ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് ചെലവ് 20 ശതമാനം വര്‍ധിച്ചെന്നാണ് നാറ്റ്പാകിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകള്‍ക്ക് 20 ശതമാനവും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 25 ശതമാനവും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് നാറ്റ്പാക് ശുപാര്‍ശ ചെയ്തത്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications