പുന:സംഘടന: വകുപ്പുകളെ ചൊല്ലി തര്‍ക്കം
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന ഉടനുണ്ടാവുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസിലെ പല എംഎല്‍എമാരും മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിലാണ്. പലരുടെയും വകുപ്പുകളില്‍ മാറ്റം വരുമെന്നുറപ്പായതോടെ ആഭ്യന്തരം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ ആരു കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കം ശക്തമാവുന്നു.
മുഖ്യമന്ത്രി എ. കെ. ആന്റണി ആഭ്യന്തര വകുപ്പ് ഒഴിയുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പകരം ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ വരണമെന്നാണ് ആന്റണിയുടെ അഭിപ്രായം. വകുപ്പ് തന്റെ കൈയില്‍ നിന്ന് പോയാലും തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആന്റണി വിശ്വസ്തനായ ശങ്കരനാരായണന്റെ പേര് നിര്‍ദേശിക്കുന്നത്.
അതേ സമയം എ ഗ്രൂപ്പിലെ പലര്‍ക്കും ശങ്കരനാരായണന്‍ ആഭ്യന്തരമന്ത്രിയാവുന്നതിനോട് യോജിപ്പില്ല. ശങ്കരനാരായണനോട് എതിര്‍പ്പുള്ളവര്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ആഭ്യന്തരമന്ത്രിയാവണമെന്ന് വാദിക്കുന്നുമുണ്ട്. മറ്റ് ഗ്രൂപ്പുകള്‍ ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെങ്കിലും വക്കവും ശങ്കരനാരായണനും വരുന്നതിനോട് ഐ ഗ്രൂപ്പിന് യോജിപ്പില്ലെന്നാണ് അറിയുന്നത്.
കെ. ശങ്കരനാരായണനെയും കെ. വി. തോമസിനെയും മന്ത്രിസഭയില്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് ആന്റണിയുടേത്. ശങ്കരനാരായണന്‍ ഏറെക്കാലമായി ആന്റണിയുടെ വിശ്വസ്തനാണെങ്കില്‍ ഐ ഗ്രൂപ്പ് വിട്ടതിന് ശേഷം ആന്റണിയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നയാളാണ് കെ. വി. തോമസ്.
എല്ലാ മന്ത്രിമാരെയും മാറ്റണമെന്ന് എംഎല്‍എമാരില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നുണ്ട്. അതേ സമയം മുഖ്യമന്ത്രി മാറുന്നില്ലെങ്കില്‍ മന്ത്രിമാരെ മാറ്റുന്നതെന്തിനാണെന്നാണ് ചില മന്ത്രിമാര്‍ ചോദിക്കുന്നത്.
പുന:സംഘടന സംബന്ധിച്ച ഹൈക്കമാന്റ് നിലപാട് വ്യക്തമല്ല. കെപിസിസി പുന:സംഘടന പോലെ ഗ്രൂപ്പ് നോക്കാതെയുള്ള പുന:സംഘടനയാവുമോ നടത്തുകയെന്നത് ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടില്ല.
മന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ പല എംഎല്‍എമാരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ഡി. സുഗതന്‍, അടൂര്‍ പ്രകാശ്, ഡൊമിനിക് പ്രസന്റേഷന്‍, കെ. സി. വേണുഗോപാല്‍, എ. പി. അനില്‍കുമാര്‍, എ. കെ. മണി, എ. സുജനപാല്‍, തമ്പാനൂര്‍ രവി, ബി. വിജയകുമാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടും.
അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കോണ്‍ഗ്രസിന്റെ 61 എംഎല്‍എമാരുമായും ചര്‍ച്ച നടത്തിയേക്കും.












Click it and Unblock the Notifications