പട്ടേലും ഫെര്‍ണാണ്ടസും എത്തും
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസും എത്തും.
ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഔദ്യോഗികസന്ദര്‍ശനമാണ് നടത്തുന്നതെങ്കിലും അദ്ദേഹം പുന:സംഘടനാ ചര്‍ച്ചകളില്‍ പങ്കെടുക്കും. അഹമ്മദ് പട്ടേല്‍ ആഗസ്ത് ഒന്നിനോ രണ്ടിനോ തിരുവനന്തപുരത്തെത്തിയേക്കും. ഗുജറാത്തില്‍ പര്യടനം നടത്തുന്ന പട്ടേല്‍ ദില്ലിയില്‍ തിരിച്ചെത്തിയതിന് ശേഷമായിരിക്കും കേരളത്തിലെത്തുന്നത്.
മിക്കവാറും ആഗസ്ത് 10ന് പുന:സംഘടന നടന്നേക്കും. പട്ടേല്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കൃഷി തുടങ്ങിയ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. വകുപ്പുകള്‍ വച്ചുമാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പട്ടേല്‍ ഘടകകക്ഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് നടത്തുന്ന കൂടിയാലോചനയില്‍ ചര്‍ച്ച ചെയ്യും. ബാലകൃഷ്ണപിള്ളയെ ഗതാഗതമന്ത്രി സ്ഥാനത്തു നീക്കണമെന്ന ആവശ്യവും ചര്‍ച്ച ചെയ്യും.
വകുപ്പുകള്‍ വച്ചുമാറാന്‍ ഏറെ വൈമുഖ്യം പ്രകടിപ്പിക്കുന്നത് മുസ്ലിം ലീഗാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് അടിയറവ് പറയില്ലെന്ന നിലപാടാണ് ലീഗിനുള്ളത്. എന്നാല്‍ ഘടകകക്ഷികളില്‍ നിന്ന് സമ്മര്‍ദം ശക്തമായാല്‍ ലീഗ് നിലപാടില്‍ അയവ് വരുത്താന്‍ നിര്‍ബന്ധിതമാവും. രണ്ട് ലീഗ് മന്ത്രിമാര്‍ക്കെങ്കിലും പുന:സംഘടനയില്‍ സ്ഥാനചലനം ഉണ്ടായേക്കും.












Click it and Unblock the Notifications