പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി. പെട്രോളിന് 1.10 രൂപ മുതല്‍ 1.19 രൂപ വരെയും ഡീസലിന് 1.42 രൂപ മുതല്‍ 1.69 രൂപ വരെയുമാണ് കൂട്ടിയത്.
പുതിയ നിരക്കുകള്‍ ജൂലൈ 31 ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡീസല്‍ വില ആറ് ശതമാനവും പെട്രോള്‍ വില മൂന്ന് ശതമാനവുമാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഡീസലിന് വരുത്തുന്ന ഏറ്റവും കൂടിയ വിലക്കൂടുതലാണിത്.
കഴിഞ്ഞ ജൂണ്‍ 15ന് പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കൂട്ടിയതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഇന്ധനവിലയില്‍ 10 ശതമാനം വരെ മാറ്റം വരുത്താനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.
15 ദിവസത്തിലൊരിക്കല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കുണ്ടെന്ന് അറിയിച്ച പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ പെട്രോളിന് 50 പൈസയുടെയും ഡീസലിന് ഒരു രൂപയുടെയും വിലക്കൂടുതല്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.












Click it and Unblock the Notifications