പുന:സംഘടന: ഹൈക്കമാന്റ് തീരുമാനിക്കും
തൃശൂര്‍: മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. പുന:സംഘടന സംബന്ധിച്ച അന്തിമതീരുമാനം ഹൈക്കമാന്റിന്റേതാണ്- തെന്നല പറഞ്ഞു. ആഗസ്ത് ഒന്ന് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തെന്നല.
മുന്‍കാലങ്ങളിലേതു പോലെ എല്ലാ പ്രശ്നങ്ങളും കയറി അഭിപ്രായം പറയില്ല. നിര്‍വാഹകസമിതിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ പാര്‍ട്ടിയുടെ നയം വ്യക്തമാക്കുകയുള്ളൂ. സ്വാശ്രയ കോളജ് പ്രശ്നം കെപിസിസി ചര്‍ച്ച ചെയ്തിട്ടില്ല.
കെപിസിസി പുന:സംഘടിപ്പിച്ചതിന്റെ മാതൃകയില്‍ ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ പുന:സംഘടിപ്പിക്കും. ഡിസിസികളും ആവശ്യമെങ്കില്‍ പുന:സംഘടിപ്പിക്കും. ഗ്രൂപ്പുകള്‍ക്ക് അതീതമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനായിരിക്കും ശ്രമിക്കുക.
അസംബ്ലി മണ്ഡലം പുനര്‍നിര്‍ണയവും പഞ്ചായത്ത് വാര്‍ഡ് വിഭജനവും സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ സമിതികള്‍ രൂപീകരിക്കുമെന്ന് തെന്നല പറഞ്ഞു.












Click it and Unblock the Notifications