ബന്ദി മോചനത്തിനായി ചര്‍ച്ച തുടരുന്നു
ദില്ലി: ഇറാക്കിലെ ഇന്ത്യക്കാരായ ബന്ദികളെ മോചിപ്പിക്കുന്നതിനായി ചര്‍ച്ച തുടരുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്ന ഷെയ്ഖ് ഹിഷാം അല്‍-ദുലെയ്മിയും കെജിഎല്‍ കമ്പനിയും തമ്മില്‍ ബന്ധപ്പെടുന്നത് തുടരുന്നുണ്ടെന്ന വിവരമാണ് ബാഗ്ദാദിലെയും കുവൈത്തിലെയും ഇന്ത്യന്‍ എംബസികളില്‍ നിന്ന് ലഭിച്ചതെന്ന് അഹമ്മദ് അറിയിച്ചു. ആഗസ്ത് രണ്ട് തിങ്കളാഴ്ച ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജിഎല്‍ കമ്പനിയുമായി ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മധ്യസ്ഥത വഹിക്കുന്നതില്‍ നിന്നും ദുലെയ്മി പിന്‍മാറിയെന്ന് ഞായറാഴ്ച വാര്‍ത്തയുണ്ടായിരുന്നു. ബന്ദികളെ മോചിപ്പിച്ചെന്ന് എപി, എഫ്പി എന്നീ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാഞ്ചികളുടെ തടവില്‍ കഴിയുന്ന ഏഴ് ബന്ദികളെയും മോചിപ്പിച്ചുവെന്ന് കെനിയന്‍ വിദേശകാര്യമന്ത്രി ചിരോ അല്‍ മക്വെരെ അറിയിച്ചിരുന്നെവെങ്കിലും ഇന്ത്യ ഈ വാര്‍ത്തകള്‍ നിഷേധിച്ചു.
ബന്ദികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. മധ്യസ്ഥശ്രമം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും അഹമ്മദ് പറഞ്ഞു.
അതിനിടയില്‍ ഇന്ത്യക്കാര്‍ ഇറാഖിലേക്ക് കടക്കുന്നത് തടയണമെന്ന് ദില്ലിയിലെ ജോര്‍ദാന്‍, കുവൈത്ത് എംബസികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications