ബസ് സമരം ഒരാഴ്ച പിന്നിട്ടു
തിരുവനന്തപുരം: ഒരാഴ്ച പിന്നിട്ട ബസ് സമരം മൂലം ജനങ്ങളുടെ യാത്രാദുരിതം തുടരുകയാണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരാഴ്ച അടച്ചിട്ട സ്കൂളുകളും കോളജുകളും ആഗസ്ത് രണ്ട് തിങ്കളാഴ്ച തുറന്നതോടെ യാത്രാദുരിതം കൂടുതല്‍ തീവ്രമായിട്ടുണ്ട്.
ബസ്സുടമകളുമായി രണ്ടു വട്ടം ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്കായി ആരെയും ക്ഷണിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതിനായി വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്. സംയുക്ത സമര സമിതി പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കാണുന്നത്.
സമിതി നേതാക്കളായ എളമരം കരീം (സിഐടിയു), സാദിരിക്കോയ (ഐഎന്‍ടിയുസി), കുട്ടിക്കൃഷ്ണന്‍ (എഐടിയുസി), ഗംഗാധരന്‍ (ബിഎംഎസ്), യു. പോക്കര്‍ (എസ്ടിയു) എന്നിവരുള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ എല്ലാ വാഹനങ്ങളും പണിമുടക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് സമിതിയുടെ തീരുമാനം.
ആഗസ്ത് നാലിന് മുമ്പ് സര്‍ക്കാര്‍ ബസ് സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആഗസ്ത് നാലിന് വ്യാപാരികള്‍ കടകളടച്ച് സൂചനാ പണിമുടക്ക് നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം കൂടുതല്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കില്‍ നിന്നും പിന്‍വലിഞ്ഞ് ഓടിത്തുടങ്ങിയതായി ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അവകാശപ്പെട്ടു. തിങ്കളാഴച മുതല്‍ കൂടുതല്‍ ബസ്സുകള്‍ ഓടും. ട്രേഡ് യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെ പറ്റി തനിക്കറിവൊന്നുമില്ല.












Click it and Unblock the Notifications