എച്ച്ഐവി കുട്ടികള്‍: നിയമം വേണം
തിരുവനന്തപുരം: എച്ച്ഐവി ബാധിച്ച കുട്ടികളെ രക്ഷിയ്ക്കാനും സമൂഹത്തില്‍ അവര്‍ അനുഭവിയ്ക്കുന്ന ഒറ്റപ്പെടലില്‍ നിന്ന് അവരെ മോചിപ്പിയ്ക്കാനും നിയമം വരണമെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് റിസര്‍ച്ച് ഇന്‍ മെന്റല്‍ ഹെല്‍ത്ത്(എഫ്ഐആര്‍എംഎച്ച്) ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ എച്ച്ഐവി ബാധിച്ച കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ആക്ഷേപങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ലെന്നും സംഘടന പറയുന്നു. ഇതിനാല്‍ ഇത്തരം കുട്ടികള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിയ്ക്കാന്‍ നിയമം കൊണ്ടുവരിക മാത്രമാണ് പോംവഴിയെന്നും സംഘടന അഭിപ്രായപ്പെടുന്നു.
എച്ച്ഐവി ബാധയുള്ളതുകൊണ്ട് മാത്രം അവര്‍ക്ക് സ്കൂള്‍ പ്രവേശനം തടയുന്ന ഇന്നത്തെ സ്ഥിതി കര്‍ശനമായ നിയമത്തിലൂടെ തടയണം. എച്ച്ഐവി ബാധയുള്ള കുട്ടികളെ അനാഥാലയങ്ങളും തഴയുന്ന സ്ഥിതിയുണ്ട്. എച്ചഐവി ബാധയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അനാവശ്യഭയവും ആളുകളെ എച്ച്ഐവിബാധയുള്ള കുട്ടികള്‍ക്കെതിരെ തിരിയ്ക്കുന്നുണ്ട്.
എച്ച്ഐവി ബാധിച്ച കുട്ടികളുടെ കണക്കെടുപ്പ് ഇതുവരെ ഇന്ത്യയില്‍ നടന്നിട്ടില്ല. എയ്ഡ്സ് മൂലം അച്ഛനോ അമ്മയോ നഷ്ടപ്പെട്ട പത്ത് ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കരുതുന്നു. ഇന്ത്യയിലെ എച്ച്ഐവി ബാധിച്ച കുട്ടികള്‍ക്കെതിരെ അതിരൂക്ഷവും വ്യാപകവുമായ വിവേചനം നിലനില്ക്കുന്നതായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും എഫ്ഐആര്‍എംഎച്ച് പ്രവര്‍ത്തകര്‍ പറയുന്നു.












Click it and Unblock the Notifications